കർമ്മ റോഡിലെ നിയമലംഘനങ്ങൾക്ക് യാതൊരു നടപടിയുമില്ല 

Thursday 19 February 2026 2:31 AM IST

പൊന്നാനി : അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ പൊന്നാനിയുടെ ടൂറിസം ഭൂപടത്തിലെ നിർണ്ണായക ഇടമായ കർമ്മ റോഡ്. നാല് കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന ഈ പാതയിൽ ഇന്നും ഇരിപ്പിടങ്ങളോ മറ്റ് സൗകര്യങ്ങളോ ഇല്ല. ഇഴജന്തുക്കൾ വ്യാപിച്ച പുഴയോരത്ത് തന്നെയാണ് സഞ്ചാരികൾ ഇരിക്കുന്നത്. തെരുവ് വിളക്കുകൾ പ്രകാശിക്കാത്ത സ്ഥലങ്ങൾ കേന്ദ്രീകരിച്ചു ലഹരി ഉപയോഗം വ്യാപകമാണെന്ന് പരാതിയുണ്ട്. രാത്രി സമയത്ത് കാൽനടയാത്രക്കാരും ഇരുട്ട് മൂലം ബുദ്ധിമുട്ടുന്നു. പുഴയോരത്ത് സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ അമിതവേഗതയിലെത്തുന്ന വാഹനങ്ങൾ പുഴയിലേക്ക് വീഴുന്നത് പതിവാണ്.

കൂൺ പോലെ മുളച്ചു പൊന്തിയ നിരവധി ഹോട്ടലുകളും കൂൾബാറുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിൽ ലൈസൻസ് പോലുമില്ലാതെയാണ് പല കടകളും പ്രവർത്തിക്കുന്നതെന്ന ആരോപണമുണ്ട്. കടകളിലെ മാലിന്യം പുഴയിലേക്കൊഴുക്കുന്ന പ്രവണതയും കൂടുതലാണെന്ന് ആക്ഷേപമുണ്ട്. പൊതുസ്ഥലം കൈയേറി നിർമ്മിച്ച ഇത്തരം തെരുവ് കച്ചവടസ്ഥാപനങ്ങൾക്ക് എതിരെ നടപടിയെടുക്കാൻ പോലും പ്രാദേശിക ഭരണകൂടങ്ങൾ തയ്യാറാകുന്നില്ല.

പുൽക്കാടുകൾ വെട്ടുന്നത് മാത്രമാണ് വർഷങ്ങളായി ഈ പാതയിൽ നടക്കുന്ന നവീകരണം. നിള കലാഗ്രാമം ഉടൻ നടക്കുന്നതോടെ പാതയിൽ ജനത്തിരക്കേറാൻ സാദ്ധ്യതയുണ്ട്. വേനലവധി പ്രമാണിച്ച് ഒട്ടനവധി പേർ വരുന്ന ഈ പാതയിൽ നവീകരണത്തിന് ഊന്നൽ നൽകണമെന്നാ ണ് സാംസ്കാരിക പ്രവർത്തകരുടെ ആവശ്യം.

വാഹനപ്പാച്ചിലും പ്രശ്നം

ഹെവി വാഹനങ്ങൾ ഇത് വഴി കടത്തിവിടില്ലെന്ന് പലപ്പോഴും താലൂക്ക് തല യോഗങ്ങളിൽ തീരുമാനമെടുക്കാറുണ്ടെങ്കിലും അതും നടപ്പാക്കുന്നില്ല.

രാപ്പകൽ വ്യത്യാസമില്ലാതെ ദീർഘദൂര ലോറികളും മറ്റും അമിതവേഗതയിൽ പോകുന്നത് പൊതുജനത്തിന് അപകടഭീഷണിയുയർത്തുന്നുണ്ട്.

യുവാക്കൾ കാറുകളും ഇരുചക്ര വാഹനങ്ങളുമായി അമിതവേഗതയിൽ സോഷ്യൽ മീഡിയ റീലുകൾക്കായി നടത്തുന്ന യാത്രകളും പൊതുജനത്തിന് അപകട ഭീഷണിയുയർത്തുന്നു.

പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം.