പി കെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചു, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമെന്ന് സൂചന

Thursday 19 February 2026 12:47 PM IST

പാലക്കാട്: കെടിഡിസി ചെയർമാൻ പി കെ ശശി സ്ഥാനം രാജിവച്ചു. ടൂറിസം സെക്രട്ടറിയ്‌ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. സിപിഎം പ്രാദേശികനേതൃത്വവുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം പിണക്കത്തിലായിരുന്നു. കഴിഞ്ഞ ദിവസം കോൺഗ്രസ് പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുമെന്ന സൂചനകളുമുണ്ടായിരുന്നു. ഷൊർണൂർ മുൻ എംഎൽഎയായ അദ്ദേഹം നിലവിൽ പാർട്ടി ബ്രാഞ്ച് അംഗം മാത്രമാണ്. രണ്ട് തവണ പാർട്ടി അച്ചടക്ക നടപടിയ്‌ക്ക് അദ്ദേഹം വിധേയനായിരുന്നു. സിപിഎം പ്രാദേശിക നേതൃത്വം നേരത്തെതന്നെ അദ്ദേഹത്തെ കെടിഡിസി ചെയർമാൻ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം അത് ചെയ്‌തിരുന്നില്ല.

നാളെ മാദ്ധ്യമങ്ങളെ പി കെ ശശി കാണുമെന്നാണ് വിവരം. കോൺഗ്രസ് ക്യാമ്പുമായി ചർച്ച നടത്തിയ ശേഷമാണ് ശശിയുടെ നീക്കം എന്നാണ് സൂചന. ഷൊർണൂരും ഒറ്റപ്പാലത്തും അദ്ദേഹത്തിന്റെ പേര് ഉയർന്നുകേട്ടിരുന്നു. ഇക്കാര്യത്തിൽ പി കെ ശശി ഒരു പ്രതികരണവും നടത്തിയിട്ടില്ല. പീഡനാരോപണവും സാമ്പത്തിക തട്ടിപ്പ് ആരോപണവും ഉയർന്നതിന് പിന്നാലെയാണ് പി കെ ശശിയെ പാർട്ടിയിൽ തരംതാഴ്‌ത്തിയത്. പി കെ ശശിയെ പിന്തുണയ്‌ക്കുന്ന കൂട്ടായ്‌മ രൂപീകരിച്ച് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടങ്ങളിലും മത്സരിച്ചിരുന്നു. സിപിഎം തോൽവി ഉറപ്പിക്കുന്നതിനായിരുന്നു ഇതെന്നാണ് സൂചന.