'മറ്റ് കേസുകളിൽ ഇല്ലാത്ത ജാഗ്രത എന്തുകൊണ്ട്?'; അഭിലാഷം സിനിമയുടെ സംവിധായകന്റെ അറസ്റ്റില്‍ കോടതി

Thursday 19 February 2026 12:53 PM IST

കൊച്ചി: 'അഭിലാഷം' സിനിമയുടെ സംവിധായകൻ ശംസുദ്ദീനെ അറസ്റ്റ് ചെയ്ത ഹിൽ പാലസ് പൊലീസിന്റെ നടപടിക്കെതിരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ രൂക്ഷവിമർശനം. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ നടത്തിയ അറസ്റ്റ് നിയമലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് പല ഗുരുതര കേസുകളിലും ഇല്ലാത്ത എന്ത് ജാഗ്രതയാണ് ഈ കേസിൽ ഉണ്ടായതെന്ന് കോടതി ചോദിച്ചു. ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ ഇതിലും വലിയ ക്രിമിനൽ കേസുകൾ നിലവിലുണ്ടല്ലോ എന്നും, ആ പ്രതികളെ പിടികൂടാൻ കാണിക്കാത്ത എന്ത് തിടുക്കമാണ് ഈ കേസിൽ ഉണ്ടായതെന്നും കോടതി ചോദിച്ചു.

ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ പ്രതിക്ക് മുൻകൂട്ടി നോട്ടീസ് നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് ഈ കേസിൽ ലംഘിക്കപ്പെട്ടു. പാതിരാത്രിയിൽ ഫ്ളാറ്റിന്റെ വാതിൽ തകർത്ത് നടത്തിയ നാടകീയ അറസ്റ്റ് എന്തിനായിരുന്നുവെന്നും കോടതി ആരാഞ്ഞു. കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് തൃപ്പൂണിത്തുറ ഹിൽ പാലസ് എസ്.എച്ച്.ഒ നേരിട്ട് ഹാജരായി വിശദീകരണം നൽകിയെങ്കിലും, അറസ്റ്റിലെ അനാവശ്യ ധൃതിയെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

സിനിമയുടെ നിർമ്മാതാവ് ആൻ സരിക നൽകിയ പരാതിയിലാണ് സംവിധായകനെ അറസ്റ്റുചെയ്തത്. ആൻ സരികയ്ക്ക് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംഎ ബേബിയുമായുള്ള അടുത്ത ബന്ധവും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദവുമാണ് പൊലീസിന്റെ നീക്കത്തിന് പിന്നിലെന്ന് പ്രതിഭാഗം ആരോപിച്ചു. സിവിൽ സ്വഭാവമുള്ള കേസായിട്ടും ക്രിമിനൽ വകുപ്പുകൾ ചുമത്തി പാതിരാത്രിയിൽ അറസ്റ്റുചെയ്തത് രാഷ്ട്രീയ സ്വാധീനം കൊണ്ടാണെന്നാണ് ഉയരുന്ന ആക്ഷേപം.

മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ ഒരു ദിവസം ബാക്കിനിൽക്കെയായിരുന്നു പൊലീസിന്റെ ഈ നീക്കം. എന്നാൽ, കോടതിയിൽ ഹാജരാക്കിയ സംവിധായകൻ ശംസുദ്ദീന് ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. പ്രതികളായ അഞ്ച് പേരുടെയും ജാമ്യാപേക്ഷ കോടതിയുടെ സജീവ പരിഗണനയിലാണ്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ശംസുദ്ദീൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായത്.