നേരെ അടുത്ത സ്റ്റേഷനിലേക്ക് വിട്ടോ; എസ്ഐയ്ക്ക് വയർലസിലൂടെ  അടിയന്തര  സ്ഥലം  മാറ്റം

Thursday 19 February 2026 1:46 PM IST

തിരുവനന്തപുരം: എസ്ഐയ്ക്കും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും വയർലസിലൂടെ അടിയന്തര സ്ഥലം മാറ്റം. തിരുവനന്തപുരം പൂവാർ എസ്ഐ ജോസ്, എഎസ്ഐ ബിനു എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇന്ന് രാവിലെയാണ് ഇരുവർക്കും ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നത്. തിരുവനന്തപുരം റൂറൽ പൊലീസിലാണ് സംഭവം നടന്നത്. എസ്‌പിയാണ് വയർലസ് വഴി സ്ഥലം മാറ്റുന്നതിന്റെ നിർദേശം നൽകിയത്.

പൊലീസുകാരുടെ വയർലസ് മീറ്റിംഗിനിടെ എസ്‌പി ഇക്കാര്യം അറിയിക്കുകയായിരുന്നു. നിലവിലുള്ള സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിയാനും കിളിമാനൂർ സ്റ്റേഷനിൽ ഹാജരാകാനുമാണ് നിർദേശം. പൂവാർ സ്റ്റേഷനിൽ എസ്എച്ച്ഒ അവധിയിലാണ്. അതിനാൽ എസ്ഐ ജോസിനാണ് സ്റ്റേഷന്റെ ചുമതല. അടുത്തിടെ മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ജോസ് ഉൾപ്പെട്ടിരുന്നതായി സൂചനയുണ്ട്. തുടർന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടും എസ്പിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റമെന്നാണ് വിവരം.