'യുഡിഎഫിലേക്കില്ല, ഞാനിപ്പോഴും സിപിഎം, രാജി വ്യക്തിപരമായ പ്രശ്നങ്ങളാൽ'
പാലക്കാട്: യുഡിഎഫിലേക്ക് ഇല്ലെന്നും കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്നുള്ള രാജി വ്യക്തിപരമാണെന്നും പി കെ ശശി. രാജിവച്ചതിന് ആരുടെയെങ്കിലും സമ്മർദമോ, പ്രേരണയോ, നിർദേശമോ ഇല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മുന്നണിമാറ്റം സംബന്ധിച്ച് കെ പി സി സി അദ്ധ്യക്ഷനുമായി ചർച്ച നടത്തി എന്ന വാർത്തയെയും അദ്ദേഹം തള്ളി.
പി കെ ശശിയുടെ വാക്കുകൾ
'കെ പി സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫും ഞാനുമായി എന്തുബന്ധമാണുള്ളത്. ഇതുവരെ സണ്ണി ജോസഫ് എന്നുപറയുന്ന വ്യക്തിയുമായി ഒരക്ഷരം ഞാൻ സംസാരിച്ചിട്ടില്ല. ഏതെങ്കിലും യുഡിഎഫ് നേതാക്കളുമായി എന്റെ ചേരിമാറ്റത്തെക്കുറിച്ച് ഞാൻ സംസാരിച്ചതായി തെളിയിച്ചാൽ നിങ്ങൾ പറയുന്ന ജോലി ഞാൻ ചെയ്യും. കെടിഡിസിയിൽ നിന്നുള്ള രാജിയാണ് ഞാൻ സമർപ്പിച്ചത്.കാലാവധി പൂർത്തിയാക്കുംമുമ്പ് രാജിവച്ചത് വ്യക്തിപരമായ പ്രശ്നങ്ങളെത്തുടർന്നാണ്. വ്യക്തിപരമായ എല്ലാ പ്രശ്നങ്ങളും മാദ്ധ്യമങ്ങളോട് തുറന്ന് പറയാൻ കഴിയില്ലല്ലാേ. ഞാനിപ്പോഴും സിപിഎമ്മിൽ അംഗമാണ്. ട്രേഡ് യൂണിയൻ സംഘടനയുടെ ഭാരവാഹിയായി പ്രവർത്തിക്കുന്ന വ്യക്തിയുമാണ് . മറിച്ചൊരു തീരുമാനവും ഞാനിന്നേവരെ എടുത്തിട്ടില്ല. നാളെ എന്തായിരിക്കുമെന്ന് പറയാൻ ആർക്കെങ്കിലും കഴിയുമോ?. ഞാൻ ഇടതുപക്ഷ രാഷ്ട്രീയം മുറുകെപ്പിടിക്കുന്ന ആളാണ്. എന്റെ പ്രവർത്തനങ്ങളിലുടനീളം അത് കാണാൻ കഴിയും. എന്നോട് യുഡിഎഫിലേക്ക് പോകുമോ എന്നുചോദിക്കുന്നത് ആഭാസമാണ്. കൊഴിഞ്ഞാമ്പാറയിലെ വിമതകൂട്ടായ്മയെക്കുറിച്ച് അറിയില്ല. പാർട്ടി സെക്രട്ടറി നയിച്ച ജാഥയിൽ പങ്കെടുക്കാത്തത് സുഖമില്ലാത്തതുകൊണ്ടാണ്'.
ഇന്നുരാവിലെയാണ് കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് പി കെ ശശി രാജിവച്ചത്. ടൂറിസം സെക്രട്ടറിയ്‌ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറുകയായിരുന്നു. സിപിഎം പ്രാദേശികനേതൃത്വവുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം പിണക്കത്തിലായിരുന്നു. കഴിഞ്ഞ ദിവസം കോൺഗ്രസ് പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുമെന്ന സൂചനകളുമുണ്ടായിരുന്നു. ഷൊർണൂർ മുൻ എംഎൽഎയായ അദ്ദേഹം നിലവിൽ പാർട്ടി ബ്രാഞ്ച് അംഗം മാത്രമാണ്. രണ്ട് തവണ പാർട്ടി അച്ചടക്ക നടപടിയ്‌ക്ക് അദ്ദേഹം വിധേയനായിരുന്നു. സിപിഎം പ്രാദേശിക നേതൃത്വം നേരത്തെതന്നെ അദ്ദേഹത്തെ കെടിഡിസി ചെയർമാൻ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം അത് ചെയ്‌തിരുന്നില്ല.
കോൺഗ്രസ് ക്യാമ്പുമായി ചർച്ച നടത്തിയ ശേഷമാണ് ശശിയുടെ നീക്കം എന്നാണ് സൂചന. ഷൊർണൂരും ഒറ്റപ്പാലത്തും അദ്ദേഹത്തിന്റെ പേര് ഉയർന്നുകേട്ടിരുന്നു. പീഡനാരോപണവും സാമ്പത്തിക തട്ടിപ്പ് ആരോപണവും ഉയർന്നതിന് പിന്നാലെയാണ് പി കെ ശശിയെ പാർട്ടിയിൽ തരംതാഴ്‌ത്തിയത്. പി കെ ശശിയെ പിന്തുണയ്‌ക്കുന്ന കൂട്ടായ്‌മ രൂപീകരിച്ച് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടങ്ങളിലും മത്സരിച്ചിരുന്നു. സിപിഎം തോൽവി ഉറപ്പിക്കുന്നതിനായിരുന്നു ഇതെന്നാണ് സൂചന.