ആറ്റുകാൽ പൊങ്കാല ഇടുന്നവരുടെ ശ്രദ്ധയ്‌ക്ക്; ഇക്കാര്യങ്ങൾ ലംഘിച്ചാൽ നടപടി

Thursday 19 February 2026 5:55 PM IST

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഹരിത ചട്ടം പാലിക്കുന്നത് കർശനമാക്കി ജില്ലാ ശുചിത്വ മിഷൻ. ഒറ്റ തവണ ഉപയോഗത്തിലുള്ള നിരോധിത വസ്തുക്കൾ പൂർണമായും ഒഴിവാക്കും. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ലാ ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. ജില്ലയിലുടനീളം നടത്തിവരുന്ന പരിശോധനയിൽ നിരോധിത അലങ്കാര വസ്തുക്കളും ഫ്ലക്സ് ബോർഡുകളും പിടിച്ചെടുത്തു. ഫ്ലക്സ് ബോർഡുകളുടെ വ്യാപക ഉപയോഗം നിയന്ത്രിക്കുന്നതിനായി ജില്ലയിലെ ഫ്ളക്സ് പ്രിന്റിങ് സ്ഥാപനങ്ങളിൽ പ്രത്യേക സംഘങ്ങൾ പരിശോധനകൾ ഊർജിതമാക്കും. നഗരപ്രദേശങ്ങളിൽ പരിശോധനകൾ ശക്തമാക്കുന്നതിനായി ജില്ലാ ശുചിത്വ മിഷനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ജില്ലാ ശുചിത്വ മിഷൻ തയ്യാറാക്കിയ 'ഭക്തിക്ക് വൃത്തി മുഖ്യം' എന്ന മെ​ഗാ ക്യാമ്പയിനിന്റെ ബ്രോഷർ ജില്ലാ കളക്ടർ അനു കുമാരി പ്രകാശനം ചെയ്തു. ജില്ലാ കോർഡിനേറ്റർ പി എൻ അരുൺ രാജ് , അസിസ്റ്റന്റ് കോർഡിനേറ്റർമാരായ പി എസ് സുജ, എൽ എസ് അനുശ്രീ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭക്ഷണ വിതരണം നടത്തുന്നവർ, താല്‍ക്കാലിക സ്റ്റാൾ ഉടമകൾ എന്നിവർക്ക് ശുചിത്വമിഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സുകൾ നൽകി. വിവിധ തലങ്ങളിലായി റെസിഡന്റ്സ് അസോസിയേഷനുകൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ക്യാമ്പയിൻ നടത്തും. കൂടാതെ എൽഇഡി ഡിസ്‌പ്ലേയുള്ള വാഹനം നഗര പ്രദേശങ്ങളിൽ ശുചിത്വ സന്ദേശവുമായി യാത്ര നടത്തും.