' ബാറുകളുടെ സമയം ദീർഘിപ്പിച്ചത് വഞ്ചന'

Friday 20 February 2026 12:20 AM IST
മദ്യനിരോധന സമിതി

കോഴിക്കോട്: ബാറുകളുടെ പ്രവർത്തന സമയം രാത്രി 12വരെ ദീർഘിപ്പിച്ച സർക്കാർ നടപടി കടുത്ത വഞ്ചനയാണെന്ന് കേരള മദ്യനിരോധന സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. എൽ.ഡി.എഫ് സർക്കാർ ലിക്കർ ഡിസ്ട്രിബ്യൂട്ടറി ഫ്രണ്ടായി മാറിയെന്ന് സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ വിമർശിച്ചു. സംസ്ഥാനത്തെ ബാറുകളിൽ ഇപ്പോൾ വിൽക്കുന്നത് കണക്കിൽപ്പെടാത്ത, നികുതിയടയ്ക്കാത്ത മദ്യമാണ്. ടൂറിസ്റ്റുകളുടെ താത്പര്യമാണ് സമയം ദീർഘിപ്പിച്ചതിന് പിന്നിലെന്ന് പറയുന്നത് കപട തന്ത്രമാണ്. പാർട്ടി ഫണ്ടിലേക്ക് പണം ശേഖരിക്കാനുള്ള പ്രധാന സ്രോതസായി എക്‌സൈസ് വകുപ്പ് മാറി. പിണറായി സർക്കാർ വന്നതിന് ശേഷം 900ത്തിലധികം ബാറുകൾക്കാണ് ലൈസൻസ് നൽകിയത്. വാർത്താസമ്മേളനത്തിൽ ഡോ. വിൻസെന്റ് മാളിയേക്കൽ, പ്രൊഫ. ഒ.ജെ ചിന്നമ്മ, പ്രൊഫ. ടി.എം രവീന്ദ്രൻ, ഇയ്യച്ചേരി പത്മിനി എന്നിവരും പങ്കെടുത്തു.