ഭക്ഷണമാക്കുന്നത് മൂര്‍ഖനേയും അണലിലേയും, മനുഷ്യനെ ഭയം; ടെറിട്ടറിയില്‍ കേറിയാല്‍ 10മിനിറ്റില്‍ മരണം ഉറപ്പ്

Thursday 19 February 2026 7:40 PM IST

രാജവെമ്പാല, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പാമ്പുകളിലെ രാജാവാണ് കക്ഷി. മനുഷ്യന്‍ ഭയത്തോടെ മാത്രം നോക്കിക്കാണുന്ന മൂര്‍ഖന്‍ പാമ്പുകളും അണലിയുമൊക്കെയാണ് ഇവയുടെ പ്രധാന ഭക്ഷണം. വിഷമുള്ളതും ഇല്ലാത്തതുമായ നിരവധി പാമ്പുകളെ രാജവെമ്പാലകള്‍ കഴിക്കാറുണ്ട്. എന്നാല്‍ ഇവയ്ക്ക് മനുഷ്യരെ ഭയമാണ്. ആളൊരു നാണംകുണുങ്ങിയാണ് എന്ന വിശേഷണവും രാജവെമ്പാലകള്‍ക്കുണ്ട്. എന്നാല്‍ ഒരു സാഹചര്യത്തില്‍ മാത്രം മുന്നില്‍ ആരാണെന്ന് നോക്കാതെ രാജവെമ്പാലകള്‍ അക്രമിച്ചിരിക്കും.

മറ്റേതൊരു പാമ്പിനേക്കാള്‍ കൂടുതല്‍ അപകടകരമായ വിഷം ആണ് രാജവെമ്പാലയുടേത്. സാധാരണ ഗതിയില്‍ മറ്റ് വിഷ പാമ്പുകളെപ്പോലെ മനുഷ്യരെ ആക്രമിക്കാന്‍ രാജവെമ്പാലകള്‍ മുതിരാറില്ലെങ്കിലും ഇവയുടെ കടിയേറ്റാല്‍ മരണം ഏറെക്കുറെ ഉറപ്പാണ്. ഇവയുടെ കടിയേറ്റാല്‍ ആനയ്ക്ക് പോലും രക്ഷയില്ല എന്നത് മാത്രം മതി എത്ര മാരകമാണ് ഇവയുടെ വിഷമെന്ന് മനസ്സിലാക്കാന്‍.

മറ്റ് പാമ്പുകള്‍ കടിച്ചാല്‍ പരമാവധി 45 മിനിറ്റ് വരെയൊക്കെ പിടിച്ച് നില്‍ക്കാന്‍ കഴിയുമെങ്കിലും രാജവെമ്പാലയുടെ കടിയേറ്റാല്‍ 10 മിനിറ്റിനുള്ളില്‍ മരണം ഉറപ്പാണ്. മുട്ടയിടുന്ന കാര്യത്തിലും മറ്റ് പാമ്പുകളില്‍ നിന്ന് വ്യത്യസ്തരാണ് രാജവെമ്പാലകള്‍. ടെറിട്ടറി മാര്‍ക്ക് ചെയ്യുന്ന പ്രകൃതം പാമ്പുകളില്‍ രാജവെമ്പാലയ്ക്ക് മാത്രമാണുള്ളത്. അധികം അക്രമവാസന പ്രകടിപ്പിക്കാറില്ലെങ്കിലും മുട്ടയിടുന്ന സമയത്ത് അങ്ങനെയല്ല. മുട്ടയിടുന്ന സമയത്ത് വാലുകൊണ്ട് ടെറിട്ടറി മാര്‍ക്ക് ചെയ്യുന്ന ഒരു ശീലം ഇവയ്ക്കുണ്ട്. ഇതിനുള്ളില്‍ ഒരാള്‍ കാലെടുത്ത് വച്ചാല്‍ അവിടെ അപകട സാദ്ധ്യത വളരെ കൂടുതലാണ്.

മുട്ടയിടുന്ന സമയത്ത് ടെറിട്ടറിക്കുള്ളില്‍ പ്രവേശിക്കുന്നവര്‍ മുട്ട എടുക്കുമെന്ന ചിന്തയാണ് ഇവരെ കൂടുതല്‍ അപകടകാരികളാക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്ത് ഇവ പിന്നാലെ വരാനും ആക്രമിക്കാനും സാദ്ധ്യത കൂടുതലാണ്.