ടെക്‌നോളജി ഫണ്ടുമായി എൽ.ഐ.സി മ്യൂച്വൽ
കൊച്ചി: രാജ്യത്തെ സാങ്കേതിക മേഖലയ്ക്ക് ഊന്നൽ നൽകി എൽ.ഐ.സി മ്യൂച്വൽ ഫണ്ട് പുതിയ ടെക്‌നോളജി ഫണ്ട് പുറത്തിറക്കുന്നു. പുതിയ ഫണ്ട് ഓഫർ ഇന്ന് മുതൽ മാർച്ച് ആറിന് അവസാനിക്കും. തുടർ സബ്‌സ്‌ക്രിബ്ഷനായി മാർച്ച് 19ന് വീണ്ടും തുറക്കും. എൻ.എഫ്.ഒയുടെ കുറഞ്ഞ അപേക്ഷ തുക 1000 രൂപയും ഒരു രൂപ വീതമുള്ള ഗുണിതങ്ങളുമായിരിക്കും. കുറഞ്ഞ എസ്.ഐ.പി തുക 200 രൂപയും ഒരു രൂപ വീതമുള്ള ഗുണിതങ്ങളുമായിരിക്കും. കുറഞ്ഞ പാദ വാർഷിക അടവു സംഖ്യ 1000 രൂപയും ഒരു രൂപ വീതമുള്ള ഗുണിതങ്ങളുമാണ്. പരമ്പരാഗത ഐ.ടി അധിഷ്ഠിത വ്യവസായങ്ങൾക്കപ്പുറം സെമികണ്ടക്ടറുമായി ബന്ധപ്പെട്ട കമ്പനികൾ, ഡാറ്റ സെന്റർ ഓപ്പറേഷൻസ്, ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, ഇന്റർനെറ്റ് ബിസിനസുകൾ, പുതിയ സാങ്കേതിക സംരംഭങ്ങൾ എന്നിവയ്ക്ക് മൂലധനം നൽകുകയാണ് ലക്ഷ്യം. സെമി കണ്ടക്ടർ മേഖലയിലെ വികസനം, ഡിജിറ്റൽ സാങ്കേതിക വിദ്യ എന്നിവയോടുള്ള സർക്കാരിന്റെ പ്രതിബദ്ധത കേന്ദ്ര ബഡ്‌ജറ്റിൽ കൂടുതൽ വ്യക്തമായ സാഹചര്യത്തിൽ ഈ മേഖലയിലെ ഓഹരികൾക്ക് വിപുലമായ അവസരങ്ങളുണ്ടെന്ന് എൽ.ഐ.സി മ്യൂച്വൽ ഫണ്ട് എം.ഡിയും സി.ഇ.ഒയുമായ ആർ.കെ. ഝാ പറഞ്ഞു.