എ.ഐ ആവേശത്തിൽ മുങ്ങി ഇന്ത്യ

Friday 20 February 2026 12:10 AM IST

നിർമ്മിത ബുദ്ധിയിൽ നിക്ഷേപ പ്രളയം

കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) രംഗത്തെ ആഗോള കേന്ദ്രമായി ഉയരുന്ന ഇന്ത്യയിലേക്ക് നിക്ഷേപ പ്രളയം. ലോകത്തിലെ മുൻനിര കമ്പനികളും ആഭ്യന്തര വ്യവസായ ഭീമൻമാരും ചേർന്ന് അഞ്ച് വർഷത്തിനുള്ളിൽ 30,000 കോടി ഡോളറിലധികം(27 ലക്ഷം കോടി രൂപ) എ.ഐ രംഗത്ത് നിക്ഷേപിക്കാനാണ് ഒരുങ്ങുന്നത്. ന്യൂഡൽഹിയിൽ നടക്കുന്ന എ.ഐ ഇംപാക്‌ട് ഉച്ചകോടിയിൽ ആഗോള ടെക്ക് ഭീമന്മാർ ഇന്ത്യൻ കമ്പനികളുമായി വിപുലമായ സഹകരണമാണ് പ്രഖ്യാപിച്ചത്.

എ.ഐ വിപണിയ്ക്ക് നേതൃത്വം നൽകാനും പുനർരൂപീകരിക്കാനും ഇന്ത്യയ്ക്ക് കരുത്തുണ്ടെന്ന് ഓപ്പൺ എ.ഐ മേധാവി സാം ആൾട്ട്മാൻ ഇന്നലെ വ്യക്തമാക്കി. ഇന്ത്യയിൽ പത്ത് കോടി ഉപഭോക്താക്കളാണ് ചാറ്റ് ജി.പി.ടി ഉപയോഗിക്കുന്നത്. ഇതിൽ മൂന്നിലൊന്ന് വിദ്യാർത്ഥികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാറ്റ് ജി.പി.ടി ഉപയോഗിച്ച് കണ്ടന്റ് കണ്ടെത്തുന്ന സംവിധാനം അവതരിപ്പിക്കുന്നതിന് ജിയോ ഹോട്ട് സ്‌റ്റാർ ഓപ്പൺ എ.ഐയുമായി ധാരണാപത്രം ഒപ്പുവച്ചു.

പത്ത് ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ റിലയൻസ്

ഇന്ത്യയെ എ.ഐ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ഏഴ് വർഷത്തിനുള്ളിൽ എ.ഐയുടെ വിവിധ മേഖലകളിലായി പത്ത് ലക്ഷം കോടി രൂപ റിലയൻസ് ഇൻഡസ്‌ട്രീസ് നിക്ഷേപിക്കും. സമൂഹത്തിന്റെ എല്ലാ തുറകളിലും നിർമ്മിത ബുദ്ധിയുടെ നേട്ടങ്ങൾ ഉറപ്പാക്കാനാണ് ജിയോയുടെ ശ്രമമെന്നും മുകേഷ് അംബാനി പറഞ്ഞു.

വലിയ നിക്ഷേപങ്ങൾ

റിലയൻസ് ഇൻഡസ്ട്രീസ് : 10,980 കോടി ഡോളർ

അദാനി ഗ്രൂപ്പ് : 10,000 കോടി ഡോളർ

മൈക്രോസോഫ്‌റ്റ് : 1,750 കോടി ഡോളർ

ഗൂഗിൾ : 1,500 കോടി ഡോളർ

ടാറ്റ ഗ്രൂപ്പ് : 650 കോടി ഡോളർ