അഫ്ഗാൻ ജയിച്ച് മടങ്ങി

Thursday 19 February 2026 10:55 PM IST

കാനഡയെ കീഴടക്കിയത് 82 റൺസിന്

ചെന്നൈ : ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ അവസാന മത്സരത്തിൽ കാനഡയെ 82 റൺസിന് തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ സൂപ്പർ എട്ടിൽ കടക്കാതെ മടങ്ങി. ഗ്രൂപ്പിൽ അഫ്ഗാന്റെ രണ്ടാം വിജയമായിരുന്നു ഇത്. എല്ലാകളികളിലും തോറ്റാണ് കാനഡ മടങ്ങുന്നത്.

ഇന്നലെ ചെന്നൈയിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 56 പന്തുകളിൽ 95 റൺസ് നേടിയ ഇബ്രാഹിം സദ്രാന്റേയും 32 പന്തുകളിൽ 44 റൺസ് നേടിയ സെദീഖുള്ള അതലിന്റേയും 20 പന്തുകളിൽ 30 റൺസ് നേടിയ ഗുർബാസിന്റേയും മികവിൽ നിശ്ചിത 20 ഓവറിൽ 200/4 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ കാനഡയ്ക്ക് 118/8 ലേ എത്താനായുള്ളൂ.മുഹമ്മദ് നബി നാലോവറിൽ ഏഴുറൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി.റാഷിദ് ഖാന് രണ്ട് വിക്കറ്റ് ലഭിച്ചു.