നാലുവർഷ ബിരുദത്തിൽ ഇന്റേൺഷിപ്പ് കൊള്ള

Friday 20 February 2026 12:02 AM IST

60മണിക്കൂർ വരെയുള്ള ഇന്റേൺഷിപ്പിന് 12000വരെ

തിരുവനന്തപുരം:നാലുവർഷ ബിരുദവിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പിന്റെ പേരിൽ വൻകൊള്ള.നാലാം സെമസ്റ്ററിന്റെ അവസാനം നിർബന്ധമായി ചെയ്യേണ്ട 60മണിക്കൂർ വരെയുള്ള ഇന്റേൺഷിപ്പിന് 12000രൂപ വരെയാണ് കമ്പനികളും സർക്കാർ ഏജൻസികളും ഈടാക്കുന്നത്.ഏപ്രിലിൽ ഇന്റേൺഷിപ്പ് ചെയ്യേണ്ടവർക്ക് അപേക്ഷിക്കേണ്ടതെങ്ങനെയെന്നുപോലും വ്യക്തതയില്ല.പിന്നീട് ആലോചിക്കാമെന്നാണ് ബോർഡ് ഒഫ് സ്റ്റഡീസുകളുടെ നിലപാട്.സർക്കാരും ഇടപെടുന്നില്ല.ഒന്നരലക്ഷത്തോളം കുട്ടികളാണ് ഇത്തവണ ഇന്റേൺഷിപ്പ് ചെയ്യേണ്ടത്.പൊതുമേഖലാ സ്ഥാപനങ്ങൾ,​തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,​സർക്കാർ വകുപ്പുകൾ,​അർദ്ധസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം സൗജന്യമായി ഇന്റേൺഷിപ്പ് സൗകര്യമൊരുക്കാനാവുമെന്നിരിക്കെയാണ് ഈ കൊള്ള.

ബിരുദം വരെ പഠനം എല്ലാവർക്കും സൗജന്യമാക്കി ബഡ്ജറ്റ് പ്രഖ്യാപനമുണ്ടായെങ്കിലും ഇന്റേൺഷിപ്പിന്റെ പേരിലുള്ള കൊള്ള തുടരുകയാണ്.നിർധനവിദ്യാർത്ഥികൾക്ക് ഫീസിളവ് നൽകുന്നതിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല.സർക്കാരിന്റെ ഇന്റേൺഷിപ്പ് പോർട്ടലിലുള്ള 162കമ്പനികളിലും ഇന്റേൺഷിപ്പിന് പണംനൽകണം.മുപ്പത് മുതൽ അറുപത് മണിക്കൂർ വരെയുള്ള ഇന്റേൺഷിപ്പ് പൂർത്തിയാക്കിയാൽ രണ്ട് ക്രെഡിറ്റ് വിദ്യാർത്ഥിക്ക് ലഭിക്കും.

കഴുത്തറുപ്പൻ ഫീസ്

നൈപുണ്യപരിശീലന കോഴ്സുകളിലും കഴുത്തറുപ്പൻ ഫീസാണ്.സർക്കാർ ഏജൻസികൾ 13000രൂപ വരെയാണീടാക്കുന്നത്. മൂന്ന് സ്കിൽ എൻഹാൻസ്മെന്റ് കോഴ്സുകളാണ് നാലുവർഷ ബിരുദത്തിലുള്ളത്.കോളേജുകളിൽ ചെറിയ ഫീസീടാക്കി നൈപുണ്യപരിശീലന കോഴ്സുകൾ നടത്തിയെങ്കിൽ എല്ലാ കുട്ടികൾക്കും അവ പ്രാപ്യമാവുമായിരുന്നു.ഐ.എച്ച്.ആർ.ഡി, അസാപ്പ്, കെൽട്രോൺ, എൽ.ബി.എസ് തുടങ്ങിയ ഏജൻസികളെ നൈപുണ്യ പരിശീലനത്തിന് ചുമതലപ്പെടുത്തിയെങ്കിലും കനത്തഫീസാണ്.സർക്കാരോ സർവകലാശാലകളോ കുറഞ്ഞഫീസിൽ നൈപുണ്യപരിശീലനത്തിന് സൗകര്യമൊരുക്കുന്നതുമില്ല.

ഫീസ് തോന്നിയപോലെ

കെൽട്രോണിൽ 60മണിക്കൂർ ജാവ ഇന്റേൺഷിപ്പിന് 3600രൂപ,​ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ 4200രൂപ.നികുതി പുറമെ നൽകണം.

സോഫ്‌റ്റ്‌ലൂം ഐ.ടി സൊല്യൂഷൻസിൽ ജാവയിലെ ഇന്റേൺഷിപ്പിന് 5400രൂപയും നികുതിയുമാണ് നിരക്ക്.

കൊച്ചിയിലെ റീജിയണൽ ടെക്നോളജീസിൽ വെബ് ഡെവലപ്മെന്റിന് നാലാഴ്ചത്തേക്ക് 7800രൂപയും ജി.എസ്.ടിയും നൽകണം.

ജിടെക്കിൽ ഗ്രാഫിക് ഡിസൈനിംഗിന് 5000, കെൽട്രോണിൽ ഇൻഡസ്ട്രിയൽ സേഫ്‌‌റ്രിക്ക് 4200 എന്നിങ്ങനെയാണ് നിരക്ക്

മെഷീൻ ലേണിംഗിന് 5900, പൈത്തൺ പ്രോഗ്രാമിംഗിന് 5850, വെബ് ഡെവലപ്മെന്റിന് 4200 എന്നിങ്ങനെ കെൽട്രോണിൽ.

റീജിയണൽ ടെക്നോളജിയിൽ 120മണിക്കൂർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്റേൺഷിപ്പിന് 6600ഉം നികുതിയും നൽകണം.

ജിടെക്കിൽ ഡേറ്റാഅനാലിസിസിന് 5000, ഐ.എസ്.പി.ആറിൽ ഡേറ്റാസയൻസിന് 4800ഉം നികുതിയും നൽകണം.

ഗ്രാഫിക്ഡിസൈനിംഗിലും ഇ-കോമേഴ്സിലും 8000 രൂപയും നികുതിയുമാണ് സ്വകാര്യകമ്പനികളിലെ നിരക്ക്.