ശസ്ത്രക്രിയ അഞ്ചു വർഷം മുമ്പ്; 59കാരിയുടെ വയറ്റിൽ  കത്രിക

Friday 20 February 2026 12:09 AM IST

അമ്പലപ്പുഴ : അഞ്ചു വർഷം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ 59കാരിയുടെ വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് നാൽപ്പതിൽച്ചിറ ഉഷാ ജോസഫിനാണ് (59) ഈ ദുര്യോഗം. ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാൻ 2021 മേയ് 10 നാണ് ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. വീട്ടിലെത്തിയശേഷം കടുത്ത വേദനയും തുടർച്ചയായി രക്തസ്രാവവും ഉണ്ടായി. പല ഡോക്ടർമാരും ചികിത്സിച്ചെങ്കിലും രോഗം ഭേദമായില്ല. വർഷങ്ങളോളം കുത്തിവയ്പ് എടുത്തും മരുന്ന് കഴിച്ചും കഴിയുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ മൂത്രത്തിൽ കല്ലെന്ന് പറഞ്ഞു മടക്കി അയച്ചു.

കഴിഞ്ഞ ദിവസം ഒരു യൂറോളജി ഡോക്ടറെ സമീപിച്ചപ്പോൾ എക്സ് റേ ഉൾപ്പെടെയുള്ള പരിശോധനക്ക് കുറിച്ച് നൽകി. എക്സ് റേ പരിശോധനയിലാണ് വയറിനുള്ളിൽ കത്രികകുടുങ്ങിയത് ശ്രദ്ധയിൽപ്പെട്ടത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടാൻ നിർദ്ദേശിച്ചു. ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്യാമെന്ന് ഡോക്ടർമാർ പറഞ്ഞതായി ഉഷ പറഞ്ഞു.

വീട്ടിലെത്തിയശേഷം പ്രശ്നം മനസിലാക്കിയ ബന്ധുക്കൾ വിവരം മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.എഫ്.തോബിയാസിനെ അറിയിച്ചു. തുടർന്ന് പുന്നപ്ര പൊലീസിൽ രാത്രിയോടെ പരാതി നൽകുകയും ചെയ്തു.

ഡോക്ടർമാരെ നിരന്തരം കാണുമ്പോൾ മൂത്രത്തിലെ അണുബാധ ആണെന്ന് പറഞ്ഞ് മരുന്ന് തരും. മരുന്ന് കഴിക്കുമ്പോൾ താത്കാലിക ആശ്വാസം ലഭിക്കും. കഴിഞ്ഞ ദിവസം രക്തം പുറത്തു വന്നതോടെയാണ് വിശദ പരിശോധന നടത്തിയത്. ബുധനാഴ്ച ആണ് കത്രിക വയറ്റിൽ ഉണ്ടെന്ന് മനസ്സിലായത്. വിവരം പുറത്ത് പറയരുതെന്നും പരിഹാരം കാണാമെന്നുമാണ് ഡോക്ടർ പറഞ്ഞത്. തിങ്കളാഴ്ച അഡ്മിറ്റ്‌ ആയാൽ ചൊവ്വാഴ്ച ഓപ്പറേഷൻ ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ശസ്ത്രക്രിയയ്ക്ക് പോകാൻ ഭയമാണ്

- ഉഷാ ജോസഫ്