നവകേരള സർവേ അഴിമതിയുടെ തെളിവ്: രാജീവ്‌ ചന്ദ്രശേഖർ

Friday 20 February 2026 12:00 AM IST

ന്യൂഡൽഹി: കോടതി ഇടപെട്ട് തടഞ്ഞ നവകേരള സർവേയുടെ പേരിൽ സംസ്ഥാന സർക്കാർ ധൂർത്തും അഴിമതിയും നടത്തിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സി.പി.എം സർക്കാർ പുറത്തു പോകാൻ സമയമായി. ഒപ്പം കോൺഗ്രസും പുറത്തുപോകണമെന്നും ബി.ജെ.പിയുടെ സമയം വരികയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയ്ക്കും കർഷകർക്കും പണം നൽകാത്തവരാണ് സർവേ ധൂർത്ത് നടത്തിയത്. പരിപാടിക്കായി ചിലവാക്കിയ തുക സി.പി.എം ട്രഷറിയിൽ തിരിച്ചടയ്ക്കണമെന്നും ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം. ശബരിമല സ്വർണക്കൊള്ള ഒളിച്ച് വയ്ക്കാനാകില്ല. ബി.ജെ.പിയും എൻ.ഡി.എയും തെറ്റു ചെയ്‌തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. കൊള്ള നടത്തിയവരെ കണ്ടെത്താൻ സി.ബിഐ അന്വേഷണം ആവശ്യപ്പെടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞെങ്കിലും മുഖ്യമന്ത്രി ഇപ്പോഴും തയ്യാറായിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.