റോഡിലെ കുഴിയിൽ യുവാവിന്റെ മരണം, വീഴ്‌ത്തിയവർക്ക് ആർക്കുമില്ലേ വേദന
കൊച്ചി: ആർക്കും സങ്കടമില്ലേ. വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്. അതാകട്ടെ അധികൃതരുടെ അനാസ്ഥ കൊണ്ടും. ഒട്ടേറെ ഉത്തരവുകളുണ്ടായി. എന്തുഫലം. സിസ്റ്റത്തിന്റെ പരാജയമാണിത്. ആവർത്തിക്കുന്ന അപകടങ്ങൾ കോടതിയെ വേദനിപ്പിക്കുകയാണ്...
ഹൈക്കോടതിയുടേതാണ് വൈകാരിക പ്രകടനവും രോഷവും. തൊടുപുഴ മുതലക്കോടത്ത് കഴിഞ്ഞദിവസം ബൈക്ക് യാത്രികൻ ജെയ്സ് ബെന്നി റോഡരികിലെ കുഴിയിൽ വീണ് മരിച്ച സംഭവമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ വേദനിപ്പിച്ചത്. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
അപകട മരണം സമൂഹം മണിക്കൂറുകൾക്കകം മറക്കും. എന്നാൽ ഉറ്റവരെ നഷ്ടപ്പെട്ടവർ ജീവിതകാലമാകെ വിഷമിക്കും. മാനസികമായി തകരും. അതിനാൽ സർക്കാരും സമൂഹവും ജാഗ്രത പാലിക്കണം. ഇത്തരം സംഭവങ്ങൾ പാഠമായെടുക്കണം.
മുതലക്കോടം അപകടത്തിൽ ഹൈക്കോടതി സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി. അമിക്കസ് ക്യൂറി വിനോദ് ഭട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. വിഷയം മാർച്ച് 5ന് വീണ്ടും പരിഗണിക്കും.
അപകടശേഷം പ്രശ്നം
പരിഹരിച്ചാൽ പോര
അലക്ഷ്യമായ ഡ്രൈവിംഗിലൂടെ അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. അതിലുമേറെ വേദനാജനകമാണ് 'സിസ്റ്റം" പിഴവുകൊണ്ടുണ്ടാകുന്ന അപകടങ്ങളെന്ന് ഹൈക്കോടതി പറഞ്ഞു. എല്ലാ വകുപ്പുകളുടെയും ചുമതലക്കാരായ സർക്കാരാണ് നിയന്ത്രണങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ടത്. അപകടം നടന്ന ശേഷം പരിഹാരമുണ്ടാക്കുന്നതിനേക്കാൾ, അപകടമുണ്ടാകാതെ നോക്കുകയാണ് വേണ്ടത്.
ഉദ്യോഗസ്ഥർക്കെതിരെ
നടപടി അറിയിക്കണം
1. സ്ലാബ് തകർന്നതിനെ തുടർന്ന് വർഷങ്ങളായി മൂടാതെ കിടന്ന കുഴിയിലായിരുന്നു അപകടം. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടിയെന്തെന്ന് അടുത്തതവണ ഹർജി പരിഗണിക്കുമ്പോൾ അറിയിക്കണം
2. അപകടത്തിന്റെ സാഹചര്യങ്ങൾ ഗൗരവമായി പരിശോധിക്കുമെന്ന് സർക്കാർ ഉറപ്പുനൽകി. എല്ലാ വകുപ്പുകളെയും ജാഗരൂകരാക്കുമെന്നും ബോധിപ്പിച്ചു
ഓടയിൽ സ്ളാബ്
നാലുനാൾക്കകം തൊടുപുഴ: ജെയ്സ് ബെന്നി വീണുമരിച്ച ഓടയ്ക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് ഉടനാരംഭിക്കും. കലുങ്കിനടിയിലൂടെ കുടിവെള്ള പൈപ്പ് പോകുന്നുണ്ട്. ഇത് വാട്ടർ അതോറിട്ടി മാറ്റിസ്ഥാപിക്കും. പിന്നാലെ സ്ലാബ് ഇടും. നാലു ദിവസത്തിനകം മുഴുവൻ പണികളും തീർക്കുമെന്ന് പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ യു.എം.ശൈലേന്ദ്രൻ അറിയിച്ചു.
പത്ത് വർഷം മുമ്പ് കുഴിയടച്ചിരുന്നെങ്കിൽ ഒരുപാട് പേർക്ക് രക്ഷയാകുമായിരുന്നു. ഒരു പെറ്റി കേസ് പോലും നേരിട്ടിട്ടില്ലാത്ത ഞാൻ നിയമനടപടിക്കുള്ള മാനസികാവസ്ഥയിലല്ല. ഹൈക്കോടതി തന്നെ തുണയാവട്ടെ ".
- ബെന്നി ജോർജ്ജ്,
ജെയ്സിന്റെ പിതാവ്