ജഡ്ജി ഹണി എം.വർഗീസിന് ആലപ്പുഴയിലേക്ക് മാറ്റം
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയതടക്കമുള്ള സുപ്രധാന കേസുകളിൽ വിധി പറഞ്ഞ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജില്ലാ ജഡ്ജി ഹണി എം.വർഗീസിനെ ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായി സ്ഥലംമാറ്റി. പകരം ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ.കെ.ബാലകൃഷ്ണൻ എറണാകുളത്ത് ചുമതലയേൽക്കും. തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി.എസ്.ശശികുമാറിനെ തൃശൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും നിയമിച്ചു. നടി കേസിന്റെ വിചാരണ പൂർത്തിയാക്കുന്നതിനായി ഹണി എം.വർഗീസിന്റെ സ്ഥലംമാറ്റം ഏറെനാളായി നീട്ടിവച്ചിരിക്കുകയായിരുന്നു.
ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരിക്കെയാണ് നടി കേസിൽ വിചാരണ തുടങ്ങിയത്. എന്നാൽ വിചാരണയ്‌ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം പരിഗണിച്ച് ജില്ലയിലെ ഏക വനിതാജഡ്ജിയായിരുന്ന അഡിഷണൽ സെഷൻസ് കോടതി ജഡ്ജിയായ ഹണിക്ക് കേസ് കൈമാറുകയായിരുന്നു.