ചർച്ചകളിൽ നിറഞ്ഞ് സ്ഥാനാർത്ഥികൾ
തിരുവനന്തപുരം: മൂന്ന് മുന്നണികളും നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് കടന്നില്ലെങ്കിലും ചർച്ചകളിൽ സ്ഥാനാർത്ഥികൾ നിറയുകയാണ്. മത്സരിക്കണമെന്ന് പാർട്ടികൾ നിശ്ചയിച്ചിട്ടുള്ളവരും മത്സരിക്കാൻ സാദ്ധ്യതയുള്ളവരും ചർച്ചകളിൽ ഇടം പിടിക്കുന്നു.
ഇടതുപക്ഷം ഇക്കുറി പല തരത്തിലുള്ള പരിഗണനയിലൂടെയാവും വിജയ സാദ്ധ്യതയുള്ളവരെ രംഗത്തിറക്കുക. ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക ഏറെക്കുറെ തയ്യാറാണ്, കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയില്ലാതെ ഒരടി മുന്നോട്ടു പോകാനാവില്ല. എല്ലാ
നേതാക്കളും മത്സരിക്കാൻ സന്നദ്ധരെന്നതാണ് കോൺഗ്രസിന്റെ ധർമ്മസങ്കടം മുസ്ലിം ലീഗ് പുതുമുഖങ്ങൾ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.
□യു.ഡി.എഫ്
കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിട്ടുള്ളത് മൂന്ന് പേരാണ്, ഹരിപ്പാട്ട് രമേശ് ചെന്നിത്തലയും കോട്ടയത്ത് തിരുവഞ്ചൂരും വട്ടിയൂർക്കാവിൽ കെ.മുരളീധരനും. മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാരും മുൻ മന്ത്രിമാരും ഉൾപ്പെടെ നേതാക്കളുടെ നീണ്ട നിര മത്സര സന്നദ്ധരായി നിൽക്കുന്നു. തൃപ്പൂണിത്തുറയിലെ സിറ്റിംഗ് എം.എൽ.എ കെ.ബാബു മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചു. പാലക്കാട്ട് രാഹുലും ചിത്രത്തിലില്ല. കോൺഗ്രസിലെ ബാക്കി 20 സിറ്റിംഗ് എം.എൽ.എമാരും മത്സരത്തിനുണ്ടാവും.പാർട്ടി പറഞ്ഞാൽ കോന്നിയിൽ ഇറങ്ങാൻ തയ്യാറാണ് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. എം.പിമാരിൽ മറ്റു ചിലരും നിയമസഭ മോഹിക്കുന്നുണ്ട്.
□എൽ.ഡി.എഫ്
സി.പി.എം നിരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ , കെ.കെ.ശൈലജ, വി.എൻ.വാസവൻ തുടങ്ങിയ മുതിർന്ന നേതാക്കൾ വീണ്ടും മത്സരിക്കുമെന്നുറപ്പാണ്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മത്സരത്തിനുണ്ടാവില്ല. മന്ത്രിമാരിലും നല്ലൊരു പങ്കും പട്ടികയിലുൾപ്പെട്ടേക്കാം. എം.എൽ.എ മാരുടെ കാര്യത്തിൽ എല്ലാവരുടെയും പേരുകൾ ഉറപ്പിക്കാനാവില്ല. വിജയ സാദ്ധ്യത, മണ്ഡലത്തിലെ പ്രകടനം തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കും.സി.പി.ഐയുടെ നാലു മന്ത്രിമാരും വീണ്ടും കളത്തിലിറങ്ങാനാണ് സാദ്ധ്യത. കൊല്ലം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.എസ്.സുപാൽ മത്സരത്തിനുണ്ടാവാൻ സാദ്ധ്യത കുറവാണ്. ചിറയിൻകീഴിൽ ശശിയും വൈക്കത്ത് സി.കെ ആശയും തൃശൂരിൽ പി.ബാലചന്ദ്രനും മാറിയേക്കും..
ബി.ജെ.പി
ബി.ജെ.പി നിരയിൽ സ്ഥാനാർത്ഥിത്വം ഉറപ്പായിട്ടുള്ളത് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ്ചന്ദ്രശേഖർ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, ശോഭാ സുരേന്ദ്രൻ എന്നിവർ മാത്രമാണ്. ബി.ജെ.പി മത്സരിക്കുന്ന 90 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളുടെ പേരുകളായെങ്കിലും ആരുടെയും പേർ അന്തിമമല്ല.
അഖിൽ മാരാർ ട്വന്റി 20 സ്ഥാനാർത്ഥി
കിഴക്കമ്പലം:ചലച്ചിത്ര സംവിധായകനും ടെലിവിഷൻ റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി20 പാർട്ടി സ്ഥാനാർത്ഥിയാകുമെന്ന് പാർട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.എൻ.ഡി.എയുടെ ഘടകകക്ഷിയായതിലൂടെ ധാരാളം പേർ ട്വന്റി20യിൽ ചേരാൻ മുന്നോട്ടുവരുന്നുണ്ട്.എൻ.ഡി.എ സർക്കാർ രാജ്യത്തെ മുന്നോട്ട് നയിക്കുമ്പോൾ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം പറഞ്ഞ് വികസനവിരുദ്ധ നയവുമായി ഇടതിനൊപ്പം വലതും കൂട്ടുചേർന്ന് കേരളത്തെ പിന്നോട്ടടിക്കുകയാണെന്ന് അഖിൽ മാരാർ പറഞ്ഞു.താൻ എവിടെ മത്സരിക്കുമെന്ന് എൻ.ഡി.എ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.വാർത്താസമ്മേളനത്തിൽ പാർട്ടി വൈസ് പ്രസിഡന്റ് വി. ഗോപകുമാറും പങ്കെടുത്തു.