യാത്രക്കാരനോട് 'ലേലു അല്ലു' പറഞ്ഞ് സ്വിഫ്റ്റ് ഡ്രൈവർ
തിരുവനന്തപുരം: രാത്രി യാത്രയിൽ ബസ് നിറുത്താൻ ആവശ്യപ്പെട്ട യാത്രക്കാരനെ മദ്യപാനിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ' ലേലു അല്ലു ' പറഞ്ഞ് സ്വിഫ്റ്റ് ബസ് ഡ്രൈവർ . ട്യൂഷൻ അദ്ധ്യാപകനായ മങ്കാട്ടുകടവ് സ്വദേശി എം.ആർ.ഉണ്ണികൃഷ്ണൻ നായർ കെ.എസ്.ആർ.ടി.സി അധികൃതർക്ക് നൽകിയ പരാതിയിലാണ് ഡ്രൈവർ എസ്.ടി. ആദർശ് മാപ്പ് പറഞ്ഞത്. പരാതിക്കാരന്റെ സമ്മതത്തോടെ ശിക്ഷണ നടപടികൾ ഒഴിവാക്കുകയായിരുന്നു. 'ലേലു അല്ലു ലേലു അല്ലു ,ഇനി യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയില്ല ' എന്ന് കടലാസിലെഴുതി നൽകിയതോടെയാണ് പരാതിക്കാരൻ ക്ഷമിച്ചത്.
ജനുവരി 7 ന് രാത്രിയിലാണ് സംഭവം. ട്യൂഷൻ പഠിപ്പിച്ച ശേഷം രാത്രി 9.20തോടെ മുറിഞ്ഞപാലത്ത് നിന്നാണ് ഉണ്ണികൃഷ്ണൻ നായർ വികാസ്ഭവൻ ഡിപ്പോയിലെ സ്വിഫ്റ്റ് ഇലക്ട്രിക് ബസിൽ കയറിയത്. കല്യാണിന് മുന്നിലെ അവസാന സ്റ്റോപ്പിൽ നിറുത്തണമെന്ന് ആവശ്യപ്പെട്ടു. മറ്രുള്ളവർക്കൊപ്പം തൊട്ട് മുമ്പുള്ള സ്റ്റോപ്പിൽ എന്താണ് ഇറങ്ങാത്തതെന്ന് ചോദിച്ചുകൊണ്ട് പ്രകോപിതനായ ഡ്രൈവർ സീറ്റിൽ നിന്നെഴുന്നേറ്റ് മർദ്ദിക്കാൻ ശ്രമിച്ചെന്നാണ് പരാതി.കേരളകൗമുദിയാണ് ഈ വാർത്ത ആദ്യം റിപ്പോർട്ടു ചെയ്തത്.
ജോലി പോകുമെന്ന ഭയം,
പിന്നാലെ 'ലേലു അല്ലു'
പരാതിയുമായെത്തിയ ഉണ്ണികൃഷ്ണൻ നായരോട് അധികൃതർ ടിക്കറ്റ് ചോദിച്ചെങ്കിലും നഷ്ടപ്പെട്ടുപോയിരുന്നു. റൂട്ട് മാറ്റിവിട്ട ബസിലാണ് യാത്രചെയ്‌തെന്ന് വികാസ് ഭവൻ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ സുജീഷിനോട് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറെ കണ്ടെത്തിയത്.പരാതിക്കാരനെയും ഡ്രൈവറെയും എ.ടി.ഒ പ്രസാദ് ചേമ്പറിൽ വിളിച്ചുവരുത്തി. കടുത്ത നടപടിക്കായി സമ്മർദ്ദം ചെലുത്തരുതെന്ന് പരാതിക്കാരനോട് ഡ്രൈവർ അപേക്ഷിച്ചു. എല്ലാ യാത്രക്കാരോടുമായി മാപ്പുപറയണമെന്ന പരാതിക്കാരന്റെ ആവശ്യം അംഗീകരിച്ച് ഡ്രൈവർ മാപ്പെഴുതി നൽകുകയായിരുന്നു.