മാലിന്യശേഖരത്തിന് തീപിടിച്ചതോ,​ തീയിട്ടതോ ?​

Thursday 19 February 2026 11:20 PM IST

പുതുമല: മിനി എം.സി.എഫിന് സമീപം ഹരിതകർമ്മ സേന സൂക്ഷിച്ചിരുന്ന മാലിന്യ ശേഖരത്തിന് തീപിടിച്ചതിൽ ദുരൂഹത. സാമൂഹിക വിരുദ്ധർ തീയിട്ടതാണോ എന്നാണ് സംശയം.

ഏഴംകുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡായ പുതുമലയിൽ പനയ്ക്കമുരുപ്പ് റോഡിലാണ് മിനി എം സി എഫ്,​. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് തീപിടിച്ചത്. . സമീപത്തെ പുരയിടത്തിലെ മരങ്ങളും മറ്റും കരിഞ്ഞുണങ്ങിയിട്ടുണ്ട് . കുപ്പികളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് സമീപവാസികൾ വിവരമറിഞ്ഞത് . അവർ അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നെത്തിയ ഫയർഫോഴ്സാണ് തീ അണച്ചത്. ഇതിന് അൻപത് മീറ്ററിനുള്ളിലാണ് ചക്ക ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറി പ്രവർത്തിക്കുന്നത് .ധാരാളം യന്ത്രങ്ങളും വൈദ്യുതി സജ്ജീകരണവുമുള്ള ഇവിടേക്ക് തീ പടർന്നിരുന്നെങ്കിൽ വൻ ദുരന്തമായേനെ. അടുത്തിടെയായി പുതുമലയിലും പാലമുക്കിലുംശക്തമായ ലഹരി മാഫിയയ്ക്ക് തീപിടിത്തത്തിന് പിന്നിൽ പങ്കുള്ളതായി ആരോപണമുണ്ട്. ഒരു മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് പുതുമല വാർഡിൽ ദുരൂഹമായ സാഹചര്യത്തിൽ തീപിടിത്തമുണ്ടാകുന്നത്

മിനി എം സി എഫ് ഉണ്ടായിട്ടും വൻതോതിലുള്ള മാലിന്യം ദിവസങ്ങളായി റോഡരികിലിട്ടത് ഹരിത കർമ്മസേനയുടെ അനാസ്ഥമൂലമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. .തീപിടുത്തത്തിന് പിന്നിലെ അസ്വാഭാവികത അന്വേഷിക്കണമെന്നാണ് അവരുടെ ആവശ്യം .എന്നാൽ അലക്ഷ്യമായി ഹരിതകർമ്മസേന റോഡിലിട്ട മാലിന്യമല്ല ഇതെന്ന് പഞ്ചായത്ത് അധികൃതർപറഞ്ഞു. സമീപത്തുണ്ടായിരുന്ന മിനി എം സി എഫിൽ നിറഞ്ഞ മാലിന്യം ക്ളീൻ കേരള കമ്പിനിക്ക് കൈമാറുന്നതിനു മുമ്പുള്ള തരം തിരിക്കലിനാണ് റോഡരികിലിട്ടത്.

------------------------

തീപിടുത്തത്തിൽ മിനി എം സി എഫ് കത്തിനശിച്ചു ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി . സാമൂഹിക വിരുദ്ധരാകാം ഇതിന്റെ പിന്നിലെന്നാണ് കരുതുന്നത് . പൊലീസിൽ പരാതി നൽകി

ഇ എ ലത്തീഫ് (ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)

തീപിടിത്തത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണം . തരംതിരിക്കാൻ വേണ്ടിയാണ് മാലിന്യം ഇവിടെ സൂക്ഷിച്ചിരുന്നത്

രാധിക സന്തോഷ് (ഏഴംകുളം ഗ്രാമപഞ്ചായത്ത് പുതുമല വാർഡ് മെമ്പർ )

പുതുമലയിൽ തുടർച്ചയായി രണ്ടാം തവണയാണ് തീപിടിത്തമുണ്ടാകുന്നത് .രാത്രിയിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണം "

അനിൽ ചെന്താമരവിളയിൽ

(ബിജെപി അടൂർ മണ്ഡലം പ്രസിഡന്റ്)