ഇലന്തൂർ ഗവ. കോളേജ് : സർവേ കഴിഞ്ഞു, പണി ഉടൻ തുടങ്ങും

Thursday 19 February 2026 11:21 PM IST

പത്തനംതിട്ട : ഇലന്തൂർ ആർട്സ് ആൻഡ് സയൻസ് കോളേജിന് കെട്ടിടം നിർമ്മിക്കാൻ സർവേ പൂർത്തിയായി. ഈ മാസം അവസാനം തറക്കല്ലിടൽ നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ. കോളേജിനായി ഏറ്റെടുത്ത 5.12 ഏക്കർ സ്ഥലത്ത് കാട് തെളിക്കുന്ന ജോലി പുരോഗമിക്കുന്നു.

ഇലന്തൂർ മാർക്കറ്റ് ജംഗ്ഷന് സമീപം പൂമലക്കുന്നിലുള്ള ഖാദി ബോർഡിന്റെ സ്ഥലവും സമീപവാസികളിൽനിന്ന് ഏറ്റെടുത്ത സ്ഥലവും ഉൾപ്പെടെയാണ് കോളേജിനുള്ളത്. ഇരുപത്തഞ്ചോളം വീട്ടുകാർ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്.

മന്ത്രി വീണാജോർജ് മുൻകൈയെടുത്താണ് കോളേജിന് സ്ഥലം കണ്ടെത്താൻ നടപടികളെടുത്തത്. കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷനാണ് (കിറ്റ്‌കോ) നിർമ്മാണ ചുമതല. ഇവരുടെ മേൽനോട്ടത്തിലായിരുന്നു സർവേ.

കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തേക്കുള്ള അപ്രോച്ച് റോഡിന്റെ വീതി കൂട്ടാനുള്ള സ്ഥലം അടയാളപ്പെടുത്തി. 6.5 മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുന്നത്. ഇൗ അളവിൽ റോഡ് നവീകരിച്ചാലെ ഫർഫോഴ്സിന്റെ നിരാക്ഷേപ പത്രം ലഭിക്കു. സ്വന്തമായി കെട്ടിടം വരുന്നതോടെ കോളേജിന് ഇപ്പോഴുള്ള പരിമിതികൾക്ക് പരിഹാരമാകും.

ജില്ലയിലെ ഏക സർക്കാർ കോളേജ് ജില്ലയിലെ ഏക സർക്കാർ കോളേജാണ് ഇലന്തൂരിലേത്. മൂന്ന് ബിരുദ കോഴ്‌സുകളുമായി 2014ലാണ് ആരംഭിച്ചത്. ഇപ്പോൾ ഇലന്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കോളേജ് പ്രവർത്തിക്കുന്നത്. കെട്ടിട നിർമ്മാണത്തിനായി 34 കോടി രൂപയാണ് കിഫ്ബി വകയിരുത്തിയത്.

@ നാല് നിലകളിലായി ആദ്യ കെട്ടിട സമുച്ചയം 42,000 സ്‌ക്വയർ ഫീറ്റിൽ.

@ അക്കാഡമിക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്‌ളോക്ക്, കാന്റീൻ, ഓഡിറ്റോറിയം

@ ഫയർഫോഴ്സ് സുരക്ഷാ സംവിധാനം, ഭിന്നശേഷി സൗഹൃദ നിർമ്മാണം, മാലിന്യ സംസ്‌കരണ സംവിധാനം, വാഹന പാർക്കിംഗ്

കെട്ടിട നിർമ്മാണത്തിന് 34 കോടി

--------------------------

കോളേജിന്റെ വർഷങ്ങളായുള്ള സ്വപ്നമാണ് സാദ്ധ്യമാകാൻ പോകുന്നത്. തറക്കല്ലിടൽ കഴിഞ്ഞാൽ ഉടൻ നിർമ്മാണം ആരംഭിക്കുമെന്നാണ് അറിയുന്നത്.

ഇലന്തൂർ കോളേജ് അധികൃതർ