തെങ്കാശി- കോന്നി- കുമളി- തേനി: പണിതീരാൻ കടമ്പകളേറെ ദേശീയപാത കാത്ത് നാട്

Thursday 19 February 2026 11:22 PM IST

കോന്നി : മികച്ച ഗതാഗത സൗകര്യത്തിന് പുറമെ വ്യാപാര, വിനോദ സഞ്ചാര മേഖലകളിൽ വൻ മാറ്റം സൃഷ്ടിക്കാൻ കഴിയുന്ന തെങ്കാശി- കോന്നി- കുമളി- തേനി ദേശീയപാത യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാതയുടെ നിർമ്മാണത്തിന് നേരത്തെ ആലോചന നടന്നിരുന്നെങ്കിലും പ്രതിസന്ധികൾ ഏറെയായതിനാൽ തുടർ നടപടി ഉണ്ടായില്ല.

തമിഴ്നാടിന്റെയും കേരളത്തിന്റെയും അതിർത്തി മേഖലയെ ബന്ധിപ്പിക്കുമെന്നതാണ് പാതയുടെ പ്രധാന നേട്ടം.

ഏകദേശം 230 കിലോമീറ്റർ നീളമുണ്ടാകും പാതയ്ക്ക്. തെക്കൻ കേരളത്തിനും പടിഞ്ഞാറൻ തമിഴ്നാടിനും ഇടയിൽ പുതിയ സാമ്പത്തിക വളർച്ചയ്ക്ക് പാത വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

കുമളി–തേനി മേഖല കാർഷിക ഉത്പന്നങ്ങളുടെ പ്രധാന കേന്ദ്രങ്ങളാണ്. കുമളിക്ക് സമീപമുള്ള പെരിയാർ കടുവ സംരക്ഷണകേന്ദ്രവും തേനി കാർഷിക വിപണിയും നേരിട്ട് ബന്ധിപ്പിക്കപ്പെടുന്നതോടെ ഏലയ്ക്ക, മുളക്, തേയില എന്നിവയുടെ വിപണനത്തിൻ വൻ വളർച്ചയുണ്ടാകും.

കുറ്റാലം പുനലൂർ, കോന്നി, അടവി, കുമളി, തേക്കടി വിനോദസഞ്ചാര മേഖലകൾ , തേനി ജില്ലയിലെ മലനിരകൾ, അണക്കെട്ട് പ്രദേശങ്ങൾ എന്നിവയുമായി പാത ബന്ധപ്പെടും. വിനോദ സഞ്ചാരരംഗത്ത് ഇത് വൻ കുതിപ്പുണ്ടാക്കും.

പാത യാഥാർത്ഥ്യമാക്കണമെന്ന് കോന്നി ഗ്രീൻനഗർ റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. . അസോസിയേഷൻ പ്രസിഡന്റ് രാജീസ് കൊട്ടാരം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എംസി രാധാകൃഷ്ണൻ നായർ, ജഗീഷ് ബാബു, ബിജൂ ടി അലക്സ് , ടി ജോൺസൺ, സജി മണലൂർ, ഡി മനോഹരൻ എന്നിവർ സംസാരിച്ചു.

പരിസ്ഥിതി മേഖല തടസം

പാത കടന്നുപോകേണ്ടത് പരിസ്ഥിതി സംരക്ഷണ മേഖലയാണെന്നതാണ് പ്രധാന വെല്ലുവിളി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെയേ നിർമ്മാണം തുടങ്ങാനാവു. അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതിനാൽ മന്ത്രാലയത്തിന്റെ അനുമതി നേടിയെടുക്കുക ശ്രമകരമാണ്. വന്യജീവി ഇടനാഴികളുടെ സംരക്ഷണമാണ് മറ്റൊരു തടസം. പാത കടന്നുപോകേണ്ടത് മലനിരകളിലൂടെയാണ്. ഇവിടെ നിർമ്മാണം നടത്തുന്നതിലെ ബുദ്ധിമുട്ടും വെല്ലുവിളിയാണ്. അതേസമയം ഇത്തരം പ്രശ്നങ്ങൾ കഴിയുന്നത്ര ഒഴിവാക്കി ഇപ്പോൾ ഇതുവഴിയുള്ള പാത വികസിപ്പിച്ചും ബൈപാസുകൾ നിർമ്മിച്ചും ദേശീയ പാത യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു.

വഴിയൊരുങ്ങുന്നത്

സാമ്പത്തിക വളർച്ചയ്ക്കും

നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാകും പാത കടന്നുപോകുന്നത്. ഇവിടങ്ങളിൽ ഹോംസ്റ്റേ, റിസോർട്ട്, ചെറുകിട വ്യാപാര മേഖലകൾ എന്നിവയ്ക്ക് സാദ്ധ്യതയുണ്ടാകും.

പാതയുടെ ദൈർഘ്യം:

തെങ്കാശി – പുനലൂർ : 65 കിലോമീറ്റർ

പുനലൂർ – കോന്നി : 32 കിലോമീറ്റർ

കോന്നി – മണിമല : 40 കിലോമീറ്റർ

മണിമല – കുമളി : 58 കിലോമീറ്റർ

കുമളി – തേനി : 35 കിലോമീറ്റർ