കേരളസ്റ്റോറിയുടെ രണ്ടാം ഭാഗവും കേരളം തള്ളിക്കളയും: ചെന്നിത്തല

Friday 20 February 2026 1:38 AM IST

തിരുവനന്തപുരം:കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ പാരമ്പര്യത്തെ തച്ചുടയ്ക്കാനും മതാതീതമായ നമ്മുടെ ഹൃദയബന്ധങ്ങളെ നശിപ്പിക്കാനുമുദ്ദേശിച്ച് നിർമ്മിച്ച ' ദ കേരള സ്‌റ്റോറി' സിനിമയുടെ രണ്ടാം ഭാഗവും കേരളം തള്ളിക്കളയുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.

ഈ സിനിമയുടെ ഒന്നാം ഭാഗം കേരളത്തെ അപഹസിക്കാനും അപമാനിക്കാനും നാടിന്റെ അനുപമമായ സാഹോദര്യത്തെ ഇകഴ്ത്തിക്കാട്ടാനുമായാണ് നിർമ്മിച്ചത്. ഒന്നാം ഭാഗത്തെ വെല്ലുന്ന വിധത്തിൽ വെറുപ്പും, ശത്രുതയും, മതവർഗീയതയും കുത്തിനിറച്ച് രണ്ടാം ഭാഗമിറങ്ങുന്നു എന്ന വാർത്ത വ്യാകുലപ്പെടുത്തുന്നതാണ്.

കേരളം സംഘപരിവാറിനും അവരുടെ വിധ്വംസക ശക്തികൾക്കും ഇപ്പോഴും ബാലികേറാമലയാണ്.

ലോകത്തിന് തന്നെ മാതൃകയായ, മലയാളിയുടെ സാമൂഹ്യ സാംസ്‌കാരിക ബോധത്തെ ഈ വികൃതസൃഷ്ടികളൊന്നും ഒന്ന് സ്പർശിക്കുക പോലും ചെയ്യില്ലെന്ന് നമുക്കുറപ്പിച്ച് പറയാം. നൂറ്റാണ്ടുകളിലൂടെ രൂപം കൊണ്ടതാണ് കേരളത്തിന്റെ സംസ്‌കാരം. രണ്ടു മനുഷ്യർ സ്‌നേഹത്താൽ പരസ്പരം ഒന്നുചേരുമ്പോൾ അതിന് മതത്തിന്റെയും വർഗീയതയുടെയും മുഖവും നിറവും നൽകി, നിർബന്ധിത മതപരിവർത്തനമെന്ന വ്യാജ ആരോപണങ്ങളിൽ കുടുക്കിയിടാനും അതുവഴി മനുഷ്യ മനസുകളെ വിഭജിച്ച് വെറുപ്പുത്പ്പാദിപ്പിക്കാനും ഫാസിസ്റ്റ്ശക്തികൾ നടത്തുന്ന ശ്രമങ്ങളെ കേരളം തള്ളിക്കളയുമെന്നും ചെന്നിത്തല വ്യക്തമാക്കി.