കൊടിമര പുനർ നിർമ്മാണം: ബാക്കി വന്നത് 29 പവൻ
Friday 20 February 2026 1:42 AM IST
തിരുവനന്തപുരം: ശബരിമല കൊടിമര പുനർ നിർമ്മാണത്തിനു ശേഷം ബാക്കി വന്ന 29 പവൻ സ്വർണത്തിന്റെ കണക്കും രേഖകളും ദേവസ്വം ബോർഡിന്റെ കൈവശമില്ലെന്ന് വിജിലൻസ് കണ്ടെത്തൽ. കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട ഫയലുകൾ ദേവസ്വം ബോർഡ് ആസ്ഥാനത്തു നിന്നു കണ്ടെത്തിയെങ്കിലും ബാക്കിയുള്ള സ്വർണവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്താനായിട്ടില്ല. കൊടിമര നിർമ്മാണത്തിലെ ക്രമക്കേടുകൾ ഹൈക്കോടതി ഉത്തരവു പ്രകാരമാണ് വിജിലൻസ് അന്വേഷിക്കുന്നത്. കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി 9.57 കിലോ സ്വർണമാണ് ദേവസ്വം ബോർഡ് സ്‌പോൺസർഷിപ്പുകളിലൂടെയടക്കം കണ്ടെത്തിയത്. ഇതിൽ 9.34 കിലോ സ്വർണം കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി വേണ്ടി വന്നു. ബാക്കി വന്ന 29 പവൻ സ്വർണത്തിന്റെ കണക്കുകളാണ് ബോർഡിന്റെ കൈവശമില്ലാത്തത്. കൊടിമര പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരിൽ നിന്ന് വിജിലൻസ് മൊഴിയെടുത്തു.