വിദ്യാലയങ്ങളിൽ നിറയും പോഷക രുചി, സന്നദ്ധത അറിയിച്ച് 189 സ്കൂളുകൾ
മലപ്പുറം: ഇനി വിദ്യാലയ മുറ്റങ്ങൾ പഴ വർഗങ്ങളാൽ നിറയും. സംസ്ഥാന കൃഷി വകുപ്പിന്റെ പോഷക സമൃദ്ധി മിഷന്റെ ഭാഗമായി ഹോർട്ടി കൾച്ചർ മിഷൻ നടപ്പിലാക്കി വരുന്ന രാഷ്ട്രീയ കൃഷി വികാസ് യോജന-പഴ വർഗ പോഷകത്തോട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഉദ്യമത്തിനായി ജില്ലയിൽ നിലവിൽ 189 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സന്നദ്ധത അറിയിച്ചിട്ടുള്ളത്. 223 യൂണിറ്റ് പഴവർഗങ്ങൾ കൃഷി ചെയ്യാനാവശ്യമായ സ്ഥലമാണ് ജില്ലയ്ക്ക് ലഭിച്ചത്. 400 യൂണിറ്റ് പഴവർഗത്തോട്ടം ഒരുക്കുകയാണ് ലക്ഷ്യം. വിദ്യാർത്ഥികളിൽ കാർഷിക അഭിരുചി വളർത്തുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണ രീതി വളർത്തുകയുമാണ് ലക്ഷ്യം.
കുറഞ്ഞത് 10 സെന്റ് സ്ഥലമുള്ള സ്‌കൂളുകളിലും കോളേജുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു വിദ്യാലയത്തിൽ പരമാവധി അഞ്ച് യൂണിറ്റ് (50 സെന്റ്) വരെയാണ് പോഷകത്തോട്ടം ആരംഭിക്കുക. മാവ്, പ്ലാവ്, പപ്പായ, പേരയ്ക്ക, നെല്ലിക്ക, സപ്പോട്ട, റംബൂട്ടാൻ, പാഷൻ ഫ്രൂട്ട്, നാരകം, വെസ്റ്റ് ഇന്ത്യൻ ചെറി എന്നിവയെല്ലാമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയ പഴ വർഗങ്ങൾ. ഇതിൽ ഏതെല്ലാം കൃഷി ചെയ്യുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഓരോ പ്രദേശത്തെയും ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായവ കൃഷി ചെയ്യും. ഈ മാസം അവസാനത്തോടെ തൈകൾ നട്ടുപിടിപ്പിക്കുന്ന പ്രവൃത്തി ആരംഭിക്കും.
ഫലവൃക്ഷ തൈകൾ കൃഷി വകുപ്പ് നൽകും. അവയുടെ പരിചരണം, നടുന്നത് എങ്ങനെ, ജലസേചനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്ലാസുകൾ നൽകും. ഓരോ സ്‌കൂളുകളിലും അദ്ധ്യാപക സംഘടനകളോ മാനേജ്‌മെന്റ് പ്രതിനിധികളോ പദ്ധതിയ്ക്ക് നേതൃത്വം നൽകും.
പുളിക്കൽ എബിലിറ്റി കോളേജ്, മദീനത്തുൽ ഉലൂം അറബിക് കോളേജ് പുളിക്കൽ എന്നിവിടങ്ങളിലാണ് അഞ്ച് യൂണിറ്റിനുള്ള സ്ഥലം ലഭ്യമായിട്ടുള്ളത്. മമ്പാട് എം.ഇ.എസ് കോളേജ്, ഈശ്വരമംഗലം ന്യൂ യു.പി സ്‌കൂൾ എന്നിവിടങ്ങളിൽ നാല് യൂണിറ്റ് സ്ഥലം വീതവും ലഭിച്ചു.
നിലവിൽ സ്ഥലം ലഭ്യമായ സ്കൂളുകൾ - 189
ഏതൊക്കെ പഴങ്ങളുടെ തൈകളാണ് നൽകുക എന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. താല്പര്യമുള്ള സ്‌കൂളുകൾ കൃഷി വകുപ്പിനെ അറിയിക്കണം. സൈഫുന്നീസ, മലപ്പുറം കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (ഹോർട്ടിക്കൾച്ചർ)