ആറുവർഷം കാത്തിരുന്നുകിട്ടിയ മകനെ നഷ്ടപ്പെട്ടു; ഷാർജയിലെ സംഭവത്തിൽ തെറ്റുകാരന് മാപ്പുനൽകി മലയാളി കുടുംബം
ഷാർജ: ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ മകനെ വാഹനാപകടത്തിലൂടെ മരണം കവർന്നിട്ടും കാരണക്കാരനായ ഡ്രൈവറെ നിയമകുരുക്കിൽ നിന്ന് രക്ഷപ്പെടുത്തി മലയാളി കുടുംബം. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്‌നയുടെയും മകനായ ആലൻ റൂമിയാണ് (രണ്ട് വയസ്) ഷാർജയിലുണ്ടായ അപകടത്തിൽ മരിച്ചത്. ഫെബ്രുവരി പതിനൊന്നിനായിരുന്നു സംഭവം. അപ്രതീക്ഷിതമായി വാഹനം കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ നേരെ പാഞ്ഞടുക്കുകയായിരുന്നു.
മകന്റെ മരണത്തിൽ പരാതിയില്ലെന്ന് ഷറഫുദ്ദീനും സഫ്നയും പൊലീസിനെ രേഖാമൂലം അറിയിക്കുകയായിരുന്നു. സന്ദർശക വീസയിൽ ഭർത്താവിന്റെ അടുത്ത് മകനെയും കൊണ്ടെത്തിയതായിരുന്നു സഫ്ന. ഫ്ലാറ്റിനുസമീപം മണൽ വിരിച്ച പാർക്കിംഗ് ഏരിയയിൽ മാലിന്യം നിക്ഷേപിക്കാൻ സഫ്ന പോയപ്പോൾ അലൻ പെട്ടെന്ന് കൈയിൽ നിന്ന് കുതറിയോടുകയും തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന വാഹനം എടുക്കുന്നതിനിടയിൽ കുട്ടി അതിനടിയിൽപ്പെടുകയുമായിരുന്നു. ഡ്രൈവർ കുട്ടിയെ കണ്ടിരുന്നില്ല.
അപകടം നടന്നയുടൻ ആംബുലൻസിനായി കാത്തുനിൽക്കാതെ ഡ്രൈവർ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം മരണം സംഭവിക്കുകയായിരുന്നു. റംസാനും പെരുന്നാളും ഒന്നിച്ച് ആഘോഷിക്കാനും ഏപ്രിൽ 23ന് അലന്റെ രണ്ടാം പിറന്നാൾ വിപുലമായി നടത്താനും നിശ്ചയിച്ചിരിക്കെയായിരുന്നു കുടുംബത്തെ തേടി ദാരുണസംഭവം എത്തിയത്.
മൃതദേഹം ദുബായിൽ സംസ്കരിച്ചശേഷം ദമ്പതികൾ നാട്ടിലേക്ക് മടങ്ങി. ഡ്രൈവർക്കെതിരെ പരാതിയില്ലെന്ന് മടങ്ങുന്നതിന് മുൻപ് തന്നെ ഇവർ ഷാർജ പൊലീസിനെ അറിയിച്ചിരുന്നു. കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂഷന്റെ പരിഗണനയിലാണ്. സംഭവത്തിൽ ഷറഫുദ്ദീൻ പ്രതികരിക്കുകയുണ്ടായി. അദ്ദേഹത്തെ ക്രൂശിച്ചതുകൊണ്ട് ഞങ്ങളുടെ മകനെ തിരികെ കിട്ടില്ലല്ലോയെന്നും മറ്റൊരു കുടുംബം കൂടി കണ്ണീരിലാകാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഷറഫുദ്ദീൻ പറഞ്ഞത്.