20 കോടിയുടെ ക്രിസ്‌മസ്   ബമ്പർ അബദ്ധത്തിൽ നഷ്ടപ്പെട്ടു; ഹൈക്കോടതിയിലും പൊലീസിലും പരാതിയുമായി റിട്ട. എഎസ്‌ഐ

Friday 20 February 2026 11:00 AM IST

കൊച്ചി: 20 കോടി രൂപ ഒന്നാം സമ്മാനമുള്ള ക്രിസ്‌മസ് - പുതുവത്സര ബമ്പർ ലോട്ടറി നഷ്ടപ്പെട്ടുവെന്ന പരാതിയുമായി റിട്ട. എഎസ്‌ഐ രംഗത്ത്. പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ കെ കെ സജിമോനാണ് ടിക്കറ്റ് നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസിനെയും കോടതിയെയും സമീപിച്ചിരിക്കുന്നത്. ജനുവരി 24നായിരുന്നു ബമ്പർ നറുക്കെടുപ്പ് നടന്നത്. XC 138455 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 20 കോടിക്ക് അർഹമായത്.

ഡിസംബർ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയപ്പോൾ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ടിക്കറ്റ് എടുത്തുവെന്നാണ് സജിമോൻ പറയുന്നത്. ടിക്കറ്റിന്റെ പുറത്തായി വിലാസമെഴുതി ഒപ്പിടുകയും ചെയ്തു.

പൊലീസിൽ നിന്ന് വിരമിച്ചതിനുശേഷം ട്രാവലർ സർവീസ് നടത്തുകയാണ് സജിമോൻ. അദ്ദേഹത്തിന്റെ വാഹനത്തിൽ ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ തീർത്ഥാടകർ നെയ്‌പാത്രം വണ്ടിയിൽ മറന്നുവച്ചു. താൻ വാങ്ങിയ ടിക്കറ്റ് ഈ പാത്രത്തിനടിയിൽ സൂക്ഷിച്ചിരുന്നുവെന്നാണ് സജിമോൻ പറയുന്നത്. പിന്നീട് ഈ തീർത്ഥാടകർ ആവശ്യപ്പെട്ടപ്രകാരം നെയ്‌പാത്രം കൊറിയർ ചെയ്തുനൽകി. എന്നാൽ ഇതിനൊപ്പം ടിക്കറ്റും അറിയാതെ പെട്ടുപോയെന്നാണ് സജിമോൻ പരാതിയിൽ പറഞ്ഞിരിക്കുന്നത്.

പിറവത്തെ കൊറിയർ സ്ഥാപനത്തിൽ നിന്ന് ജനുവരി 30നാണ് നെയ്‌പാത്രം കൊറിയർ ചെയ്തത്. പാത്രത്തിനടിയിൽ ലോട്ടറി ടിക്കറ്റ് സൂക്ഷിച്ചിരുന്ന കാര്യമോർത്ത സജിമോൻ ഫെബ്രുവരി ഒന്നിന് വൈകിട്ട് കൊറിയർ സ്ഥാപനത്തെ സമീപിച്ച് പാത്രം തിരികെ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഫെബ്രുവരി നാലിന് വിശാഖപട്ടണത്തെ ഉടമയ്ക്ക് പാത്രം ലഭിച്ചു.

സജിമോന്റെ പരാതിയിൽ പിറവം പൊലീസ് കൊറിയർ സ്ഥാപനത്തിൽ പരിശോധന നടത്തി. സ്ഥാപനത്തിലെ സിസിടിവി ക്യാമറ പരിശോധിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് സജിമോൻ പിറവം ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്‌‌ക് പൊലീസിൽ കോടതിയിൽ ഹാജരാക്കിയിരിക്കുകയാണ്. ടിക്കറ്റ് പരിശോധിക്കാനും തട്ടിപ്പ് കണ്ടെത്താനും ലോട്ടറി വകുപ്പിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സജിമോൻ ഹൈക്കോടതിയെയും സമീപിച്ചിരിക്കുകയാണ്. അതേസമയം, ബമ്പർ സമ്മാനമടിച്ചയാൾ ലോട്ടറി ടിക്കറ്റ് തിരുവനന്തപുരത്തെ ലോട്ടറി കാര്യാലയത്തിൽ ഹാജരാക്കിയതായി വിവരമുണ്ട്.