'ചികിത്സാപ്പിഴവിൽ ഒരു ദാക്ഷണ്യവും സർക്കാരിൽ നിന്നുണ്ടാകില്ല'; ഉഷാ ജോസഫിന്റെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി

Friday 20 February 2026 11:07 AM IST

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് നേരിട്ട ഉഷാ ജോസഫിന്റെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നതെന്നും വളരെയധികം വിഷമം ഉണ്ടാക്കുന്നതുമാണെന്നും മന്ത്രി പ്രതികരിച്ചു. വിവരം അറിഞ്ഞയുടൻ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് സമിതിയെ നിയോഗിക്കാൻ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വീണാ ജോർജ് അറിയിച്ചു. പരാതിയിൽ ഇന്നുതന്നെ അന്വേഷണം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

'എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കും. റിപ്പോർട്ട് പൊലീസിന് കൈമാറും. ശസ്ത്രക്രിയ നടന്ന സമയത്തുള്ള ആരൊക്കെയാണ് റിട്ടയർ ചെയ്തുപോയിട്ടുള്ളത്, ഇപ്പോൾ സർവീസിൽ ആരെങ്കിലുമുണ്ടോ മുതലായ കാര്യങ്ങളിൽ അന്വേഷണം നടത്തി സർവീസിലുള്ളവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യും.

ഉഷാ ജോസഫിന്റെ മകനുമായി സംസാരിച്ചിരുന്നു. പലതവണ വീട്ടിൽ പോയി ഡോക്ടറെ കണ്ടതായി ബന്ധുക്കൾ പറയുന്നു. ഈ വിഷയങ്ങളിലെല്ലാം അന്വേഷണം നടത്തും. 2021 മേയ് പത്തിനാണ് ഉഷാ ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്ന് പ്രാഥമിക റിപ്പോർട്ടിലുണ്ട്. 12നാണ് ശസ്ത്രക്രിയ നടന്നത്. 15ന് ഡിസ്ചാർജ് ചെയ്തു. ഡോക്ടർക്ക് ഇങ്ങനെ ഒരു കേസ് ഓർമ്മയില്ല. പക്ഷേ ശസ്ത്രക്രിയ ചെയതില്ലെന്നും ഓർമ്മയുണ്ട്. അത് എങ്ങനെയാണ് സാദ്ധ്യമാകുക?

നോൺ പ്രാക്ടീസിംഗ് അലവൻസ് വാങ്ങുന്ന ഡോക്ടർമാർ വീട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടോ എന്ന കാര്യവും പണം നൽകിയെന്ന ആരോപണവും ഈ അന്വേഷണത്തിന്റെ പരിധിയിൽ വരും.

ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ അനുസരിച്ച് സ്ക്രബ് നേഴ്സും ഡോക്ടറും ഒരുപോലെ ഉത്തരവാദിത്തപ്പെട്ടവരാണ്. സ്ക്രബ് നേഴ്സ് ഇല്ലാതെ മെഡിക്കൽ കോളേജുകളിൽ ശസ്ത്രക്രിയ നടക്കില്ലെന്നും, ശസ്ത്രക്രിയ ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തേണ്ടത് ഇവരുടെ സംയുക്ത ഉത്തരവാദിത്തവുമാണ്.

സർക്കാരിനെ സംബന്ധിച്ചിടത്തോളം അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരെയും ഒരുക്കുക എന്നതാണ് പ്രാഥമിക ചുമതല. എന്നാൽ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിക്കുന്നത് വ്യക്തികളുടെ ഭാഗത്തുനിന്നാണ്. ഇത്തരം ഇൻഡിവിജ്വൽ വീഴ്ചകളിൽ കർശനമായ നിയമനടപടികൾ തന്നെ സ്വീകരിക്കും. മെഡിക്കൽ കോളേജുകളിൽ എല്ലാ സംവിധാനങ്ങളും ഉണ്ടെന്നിരിക്കെ, പ്രോട്ടോക്കോൾ ലംഘിച്ച് ശസ്ത്രക്രിയകൾ നടത്തുന്നത് അത്യന്തം ഗൗരവകരമായ വിഷയമായാണ് സർക്കാർ കാണുന്നത്.

യുഡിഎഫ് കാലത്തായാലും എൽഡിഎഫ് കാലത്തായാലും സാധാരണക്കാർ അനുഭവിക്കുന്ന ഇത്തരം വേദനകൾക്ക് പരിഹാരം കാണുക എന്നതാണ് സർക്കാരിന്റെ നയം. ശസ്ത്രക്രിയാ പിഴവ് കാരണം വർഷങ്ങളോളം വേദന അനുഭവിക്കുന്നവരുടെ പ്രയാസം അത് അനുഭവിക്കുന്നവർക്ക് മാത്രമേ മനസിലാകൂ. ഉപകരണം വയറ്റിൽ ഇരുന്നാൽ പ്രശ്‌നമില്ലെന്ന് ഒരുകാരണവശാലും പറയാൻ പാടില്ലാത്തതാണ്. അതിനാൽ, ഇത്തരം വീഴ്ചകളിൽ ഒരു തരത്തിലുള്ള ദാക്ഷിണ്യവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. എല്ലാ കേസുകളിലും നിയമപരമായ നടപടികൾ വേഗത്തിലാക്കും. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഉഷയുടെ കാര്യത്തിൽ ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കും. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് സർക്കാർ മേൽനോട്ടം വഹിക്കും'- മന്ത്രി അറിയിച്ചു.