ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീക്ക് മുൻകൂർജാമ്യം അനുവദിച്ച് സുപ്രീം കോടതി

Friday 20 February 2026 12:19 PM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയ്ക്ക് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആവശ്യമുള്ളപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്. ജസ്​റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തെ സുപ്രീം കോടതി ജയശ്രീയുടെ ഹർജി പരിഗണിച്ചപ്പോൾ അറസ്​റ്റ് തടഞ്ഞിരുന്നു. ജയശ്രീയ്ക്ക് ജാമ്യത്തിന് അർഹതയുണ്ടെന്നാണ് അഭിഭാഷകൻ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയത്. എന്നാലിതിന് അർഹതയില്ലെന്ന് സംസ്ഥാന സർക്കാർ വാദിച്ചിരുന്നു.

ശബരിമല സ്വർണക്കൊള്ള കേസില്‍ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ ജയശ്രീ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ദ്വാരപാലക ശില്പ പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. തിരുവാഭരണം കമ്മീഷണറുടെ സാന്നിദ്ധ്യത്തിലും മേൽനോട്ടത്തിലും പണികൾ നടത്തുന്നതിനാണ് അനുമതി നൽകിയതെന്നും ജയശ്രീ വ്യക്തമാക്കിയിരുന്നു.

ദേവസ്വം ബോർഡിന്റെ മിനിറ്റ്സിൽ തിരുത്ത് വരുത്തിയിട്ടില്ലെന്നും, ബോർഡ് എടുത്ത തീരുമാനങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ജയശ്രീ വിശദീകരിക്കുന്നു. നടപടികൾ എല്ലാം ബോർഡ് തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. താൻ ജീവിതത്തിൽ ഒരിക്കൽ പോലും ശബരിമലയിൽ പോയിട്ടില്ലെന്നും അവർ സത്യവാങ്മൂലത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.