'കല്യാണമാണ് അനുഗ്രഹിക്കണം'; വിവാഹവാർത്ത പങ്കുവച്ച് റാപ്പർ വേടൻ
വിവാഹവാർത്ത പങ്കുവച്ച് റാപ്പർ വേടൻ. യുവ എഴുത്തുകാരിയായ നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. ഫെബ്രുവരി 24ന് തൃശൂരിൽ വച്ചാണ് വിവാഹം. ലളിതമായ ചടങ്ങുകളോടെ രജിസ്റ്റർ വിവാഹം ചെയ്യാനാണ് തീരുമാനമെന്ന് വേടൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ധർമശാലയിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം പരസ്യപ്പെടുത്തിയത്. പിന്നീട് വേടനും ഇത് സ്ഥിരീകരിക്കുകയായിരുന്നു. എന്റെ കല്യാണമാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വേടൻ വേദിയിൽ പറഞ്ഞു.
പൊതുവേദികളിൽ വേടനൊപ്പം നവമിയും എത്താറുണ്ട്. മികച്ച ഗാനരചിയതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിക്കാൻ വേടൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ നവമി ലതയും കൂടെയുണ്ടായിരുന്നു. 2025ൽ വേടൻ പുറത്തിറക്കിയ ‘മോണലോവ’ എന്ന ഗാനം തന്റെ കാമുക്കിക്ക് വേണ്ടി എഴുതിയതാണെന്ന് മുൻപ് വേടൻ വെളിപ്പെടുത്തിയിരുന്നു.
കേരളത്തിലെ അറിയപ്പെടുന്ന റാപ്പറാണ് വേടൻ എന്ന ഹിരൺദാസ് മുരളി. 2020ൽ പുറത്തിറക്കിയ ‘വോയ്‌സ് ഓഫ് ദ വോയ്‌സ്‌ലെസ്’ എന്ന ആദ്യ സംഗീത വിഡിയോയിലൂടെയാണ് വേടൻ ശ്രദ്ധനേടുന്നത്. ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന രണ്ടാമത്തെ മ്യൂസിക് വിഡിയോയും ശ്രദ്ധേയമായിരുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘എണ്ണക്കറുപ്പി’ എന്ന ഗാനവും ഹിറ്റായിരുന്നു. ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമയിലെ ‘കുതന്ത്രം’ എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വേടന് ലഭിച്ചത്.