'ശബരിമലയിൽ യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരമാണ് അറസ്റ്റ്'; സർക്കാരിനെതിരെ തന്ത്രി കണ്ഠരര് രാജീവരര്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അടുത്തിടെ ജയിൽമോചിതനായ തന്ത്രി കണ്ഠരര് രാജീവരര് സമർപ്പിച്ച ജാമ്യാപേക്ഷയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ശബരിമലയിൽ യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരമാണ് സ്വർണ്ണക്കൊള്ളക്കേസിലെ അറസ്റ്റെന്നാണ് തന്ത്രി ആരോപിക്കുന്നത്.ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന ഒരു ക്ഷേത്രമാക്കി മാറ്റാനുള്ള സർക്കാർ നീക്കത്തെയും താൻ വിഫലമാക്കിയതായി അദ്ദേഹം പറയുന്നു.
തനിക്കെതിരെയുള്ള പ്രതികാര നടപടിയാണ് അറസ്റ്റെന്നാണ് തന്ത്രിയുടെ പ്രധാന വാദം. ഭരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്താനായി ചില പൊലീസ് ഉദ്യോഗസ്ഥർ യുവതികളെ കയറ്റാൻ ശ്രമിച്ചെന്നും അത് താൻ തടഞ്ഞെന്നും തന്ത്രി വാദിക്കുന്നു. ക്ഷേത്ര കാര്യങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. 'യുവതീ പ്രവേശനത്തിന് ശ്രമങ്ങളുണ്ടായപ്പോൾ, പൂജകൾ നിർത്തിവയ്ക്കുമെന്നും ക്ഷേത്രത്തിന് പുറത്തുവരുമെന്നും ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല, ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന ഒരു ക്ഷേത്രമാക്കി മാറ്റാൻ സർക്കാർ ആലോചിച്ചു. ആ ശ്രമവും വിഫലമാക്കി. ഇക്കാരണങ്ങളാണ് പ്രതികാരനടപടിയെടുക്കാനുള്ള കാരണമായത്'- തന്ത്രി വ്യക്തമാക്കി.
പ്രത്യേക അന്വേഷണ സംഘത്തിനെതിരെയും തന്ത്രി ജാമ്യാപേക്ഷയിൽ ആരോപണങ്ങളുന്നയിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കൊണ്ടുവന്നത് താനാണെന്ന് വരുത്താൻ ചിലകാര്യങ്ങൾ അന്വേഷണസംഘം മറച്ചുവച്ചെന്നും ജാമ്യാപേക്ഷയിലുണ്ട്.
'തന്ത്രിയുടെ പദവിയെന്നത് ക്ഷേത്രത്തിലെ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, പൂജകൾ എന്നിവയിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങളിലോ സ്വത്തുക്കളുടെ പരിപാലനത്തിലോ യാതൊരു നിയമപരമായ അധികാരവുമില്ല. ദേവസ്വം മാന്വൽ പ്രകാരം ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെയും തിരുവാഭരണങ്ങളുടെയും സംരക്ഷണവും കണക്കെടുപ്പും ദേവസ്വം കമ്മീഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മാത്രം ഉത്തരവാദിത്തമാണ്. ഭരണപരമായ ക്രമക്കേടുകൾ തടയാൻ എനിക്ക് നിയമപരമായ ബാധ്യതയില്ല. അതിനാൽ അത്തരം കാര്യങ്ങളിൽ പ്രതികരിച്ചില്ല എന്നത് ക്രിമിനൽ ഗൂഢാലോചനയായി കാണാനാവില്ല'- കണ്ഠരര് രാജീവരര് ജാമ്യാപേക്ഷയിൽ അറിയിച്ചു.
അതേസമയം കേസിൽ തന്ത്രിക്കെതിരെ തെളിവുകളൊന്നും ഹാജരാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിക്കാതെ വന്നതോടെയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. സ്വർണപ്പാളികളടക്കമുള്ളവ സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നും ആചാരപരമായ കാര്യങ്ങളാണ് തന്ത്രിയുടെ ചുമതലയിൽ വരുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.