മത്സ്യങ്ങൾക്ക് കൂടൊരുക്കൽ: രണ്ടാം ഘട്ടത്തിൽ എറണാകുളവും
പ്രജനനത്തിനായി കൃത്രിമപ്പാരുകൾ വ്യാപിപ്പിക്കും
കൊച്ചി: മത്സ്യോത്പാദനം ഉയർത്താൻ ലക്ഷ്യമിട്ട് കേരള തീരത്ത് കൃത്രിമപ്പാരുകൾ നിക്ഷേപിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ എറണാകുളവും. കൊല്ലം, ആലപ്പുഴ, തൃശൂർ എന്നീ ജില്ലകൾക്കൊപ്പമാണ് എറണാകുളത്തെയും പരിഗണിച്ചിരിക്കുന്നത്. നാല് ജില്ലകളിലെ 96 മത്സ്യഗ്രാമങ്ങളിൽ പദ്ധതി നടപ്പാക്കും. 29.76 കോടി രൂപയുടെ പദ്ധതിരേഖ കേന്ദ്രസർക്കാരിന് സമർപ്പിച്ചു.
ഒരു സ്ഥലം കേന്ദ്രീകരിച്ച് മീനുകൾക്കായി കൃത്രിമ ആവാസവ്യവസ്ഥ ഒരുക്കുന്നതാണ് പാരുകൾ എന്നറിയപ്പെടുന്നത്. ഒരു ടണ്ണിലധികം തൂക്കമുള്ള കോൺക്രീറ്റ് പാരുകൾ വലിയ ബോട്ടുകളിൽ എത്തിച്ച് കടലിൽ നിക്ഷേപിക്കും. പാരുകളിൽ പായലും സസ്യങ്ങളും പവിഴപ്പുറ്റുകളും വളരുന്നതോടെ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ രൂപപ്പെടും.
കടലിൽ ചൂണ്ടയിടുന്നവർക്കും ചെറുയാനങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർക്കുമാണ് പാരുകളുടെ ഗുണം ലഭിക്കുന്നത്. കുറഞ്ഞ ദൂരം യാത്ര ചെയ്ത് ധാരാളം മീൻ പിടിക്കാനാകുമെന്നതാണ് പ്രത്യേകത. കടലിന്റെ അടിത്തട്ടിലെ ദൃശ്യങ്ങൾ പകർത്തുന്ന അണ്ടർവാട്ടർ ക്യാമറ ഉപയോഗിച്ച് വിവിധ ഘട്ടങ്ങളിലായി കൃത്രിമ പാരുകളിലെ പ്രജനനം, പുരോഗതി തുടങ്ങിയവ പഠനവിധേയമാക്കുന്നുണ്ട്.
സി.എം.എഫ്.ആർ.ഐ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നടത്തിയ ശാസ്ത്രീയ പഠനങ്ങളിൽ കൃത്രിമപ്പാരുകളുടെ ഗുണം വ്യക്തമായിട്ടുണ്ട്. മത്സ്യങ്ങളെ തീരക്കലിലേക്ക് ആകർഷിക്കാനും അവയുടെ സ്വാഭാവിക പ്രജനനത്തിനും മത്സ്യസമ്പത്തിന്റെ സുസ്ഥിര പരിപാലനത്തിനും ഇത് പ്രയോജനകരമാണ്. ഫിഷറീസ് വകുപ്പിനായി തീരദേശ വികസന കോർപറേഷനാണ് പാരുകൾ നിർമ്മിച്ച് നൽകുന്നത്. പദ്ധതി വിലയിരുത്തിയശേഷം മറ്റ് തീരദേശ ജില്ലകളിലും കൃത്രിമപ്പാരുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഫിഷറീസ് വകുപ്പ്.
കേന്ദ്ര -സംസ്ഥാന പദ്ധതി പദ്ധതിയുടെ 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 17.85 കോടി കേന്ദ്രവും 11.90 കോടി സംസ്ഥാനവും പങ്കിടും. ഏതാനും വർഷങ്ങളായി തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കടലോരമേഖലകളിൽ കൃത്രിമപ്പാരുകൾ സ്ഥാപിച്ചിട്ടുണ്ട്.
മത്സ്യസമ്പത്തിൽ വർദ്ധന രാജ്യത്തെ 3,477 കടലോര ഗ്രാമങ്ങളിൽ കൃത്രിമപ്പാരുകൾ സ്ഥാപിക്കുകയാണ് കേന്ദ്ര ഫീഷറീസ് മന്ത്രാലയത്തിന്റെ ലക്ഷ്യം. സ്ഥാപിച്ച ഇടങ്ങളിൽ മത്സ്യസമ്പത്തിൽ 17 മുതൽ 30 ശതമാനം വരെ വർദ്ധനയുണ്ടായി. കേരളത്തിൽ ചൂര, പാര, വേളാവ്, ബരാക്കുട, കാരൽ, അയല, കണവ, കൂന്തൽ എന്നീ സമുദ്രവിഭവങ്ങൾ കൂടുതൽ ലഭിച്ചു.