മാനം കാക്കാന്‍ ഓസ്‌ട്രേലിയ, ട്വന്റി 20 ലോകകപ്പില്‍ ഇനി സൂപ്പര്‍ എട്ടിലെ പോരാട്ടങ്ങള്‍

Friday 20 February 2026 6:44 PM IST

ഐസിസി ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുകയാണ്. വെള്ളിയാഴ്ച രാത്രി നടക്കുന്ന ഓസ്‌ട്രേലിയ - ഒമാന്‍ മത്സരത്തോടെ ഗ്രൂപ്പ് ഘട്ടത്തിന് സമാപനമാകും. 20 ടീമുകളുമായി തുടങ്ങിയ ടൂര്‍ണമെന്റില്‍ കിരീട പോരാട്ടത്തില്‍ അവശേഷിക്കുന്നത് എട്ട് ടീമുകള്‍ മാത്രം. നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പിലായി ഈ ടീമുകള്‍ പോരിനിറങ്ങും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും സിംബാബ്‌വെയും ഉള്‍പ്പെടുന്നതാണ് ഒരു ഗ്രൂപ്പ്. രണ്ടാമത്തേതില്‍ പാകിസ്ഥാന്‍, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവര്‍ മാറ്റുരയ്ക്കും.

രണ്ട് ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലേക്ക് മുന്നേറും. ഈ ലോകകപ്പിലെ കറുത്ത കുതിരകളായി മാറിയ സിംബാബ്‌വെ ആയിരിക്കും ഏവരുടേയും ശ്രദ്ധാ കേന്ദ്രം. കരുത്തരായ ഓസ്‌ട്രേലിയയേയും ശ്രീലങ്കയേയും അട്ടിമറിച്ച് എത്തിയ സിക്കന്ദര്‍ റാസയുടെ സംഘം കടലാസില്‍ കാണുന്നതിനേക്കാള്‍ കരുത്തരാണ്. തങ്ങളുടേതായ ദിവസം ആരേയും വീഴ്ത്താന്‍ കെല്‍പ്പുണ്ടെന്നും തങ്ങളുടെ ജയങ്ങള്‍ വെറും അട്ടിമറി എന്ന ശ്രേണിയില്‍പ്പെടുത്തേണ്ടെന്നും ആഫ്രിക്കന്‍ സംഘം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും കരുത്തരാണെങ്കിലും സിംബാബ്‌വെയെ വിലകുറച്ച് കാണാന്‍ ആരും തയ്യാറാകില്ല. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഈ ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്താന്‍ സാദ്ധ്യത കൂടുതലാണെന്ന് പറയുമ്പോഴും പ്രവചനം അസാദ്ധ്യം. മറുവശത്ത് എല്ലാ മത്സരങ്ങളും ശ്രീലങ്കയില്‍ കളിക്കുന്നതിന്റെ ആനുകൂല്യം പാകിസ്ഥാന് ലഭിക്കും. മികച്ച സ്പിന്‍ നിരയുള്ള പാകിസ്ഥാനെ പിടിച്ചുകെട്ടുക ശ്രമകരമായിരിക്കും.

ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ശ്രീലങ്കയും കരുത്തരാണ്. ഏഷ്യന്‍ സാഹചര്യങ്ങള്‍ ശ്രീലങ്കയ്ക്കും പാകിസ്ഥാനും മുന്‍തൂക്കം നല്‍കുന്നുണ്ട്. ഇംഗ്ലണ്ട് ആകട്ടെ അസോസിയേറ്റ് ടീമുകളോട് പോലും കിതച്ചാണ് സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയത്. മികച്ച ബാറ്റര്‍മാരുണ്ടെങ്കിലും കിവീസ് നിരയുടെ ബൗളിംഗ് അത്ര നല്ല ഫോമിലല്ല. എതിരാളികളെ വിറപ്പിക്കുന്ന ഒരു സ്പിന്നറുടെ അഭാവവും ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാത്തതും കിവീസിന് വെല്ലുവിളി കൂട്ടുന്നുണ്ട്.