വാഴക്കുളം പൈനാപ്പിൾ ഇന്ന് ദുബായിക്ക്

Saturday 21 February 2026 12:29 AM IST
പൈനാപ്പിൾ നിറച്ച പെട്ടികൾ

കൊച്ചി: പൈതൃകസൂചികാ പദവിയുള്ള വാഴക്കുളം പൈനാപ്പിളിന്റെ രണ്ടാമത്തെ കയറ്റുമതി ഇന്ന്. കൂത്താട്ടുകുളത്തെ തോട്ടത്തിൽ നിന്ന് വിളവെടുത്ത ആറ്ടൺ പൈനാപ്പിൾ നിറച്ച കണ്ടെയ്‌നറുമായി കപ്പൽ ഇന്ന് ദുബായിക്ക് പുറപ്പെടും.

വ്യാഴാഴ്ച രാവിലെ വിളവെടുപ്പ് ആരംഭിച്ച പൈനാപ്പിൾ തോട്ടത്തിൽ തന്നെ പരിശോധിച്ച് ഒരുക്കി പായ്‌ക്ക് ചെയ്‌താണ് കയറ്റുമതിക്ക് സജ്ജമാക്കിയത്. കൂത്താട്ടുകുളം ആറൂറിലെ കർഷകരായ പോൾ എൽദോ, പവൽ എൽദോസ്, സാബു വർഗീസ് എന്നിവരുടെ കൂട്ടുകൃഷിയിടത്തിലെ പൈനാപ്പിളാണ് കയറ്റുമതി ചെയ്യുന്നത്.

വാഴക്കുളത്തെ പൈനാപ്പിൾ ഗവേഷണ കേന്ദ്രം മേധാവി ഡോ.ടി. മായയുടെ മേൽനോട്ടത്തിലായിരുന്നു വിളവെടുപ്പ്. ആറുവീതം പൈനാപ്പിളുകൾ ബോക്‌സുകളിലാക്കി. 728 പെട്ടികളിലാക്കിയ പൈനാപ്പിൾ കോലഞ്ചേരിയിലെത്തിച്ച് കയറ്റുമതിക്ക് മുമ്പുള്ള പ്രീകൂളിംഗ് പ്രക്രിയ പൂർത്തിയാക്കി കണ്ടെയ്‌നറിൽ നിറച്ചു. കൊച്ചി തുറമുഖത്ത് എത്തിച്ച കണ്ടയ്‌നർ ഇന്നലെ വൈകിട്ട് കപ്പലിൽ കയറ്റി. ഇന്ന് പുറപ്പെടുന്ന കപ്പൽ ആറുദിവസം കൊണ്ട് ദുബായിലെത്തും.

ദുബായിലെത്തുന്ന പൈനാപ്പിൾ പരിശോധനകൾക്ക് വിധേയമാക്കും. സൂപ്പർ മാർക്കറ്റുകളിലേയ്‌ക്കാണ് ഇവയെത്തുക. തമിഴ്നാട്ടിലെ തിരുപ്പൂർ ആസ്ഥാനമായ ബ്ളാക്ക് ബോക്‌സ് എന്ന സ്ഥാപനമാണ് കയറ്റുമതിക്കാർ. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരള, കേന്ദ്രസർക്കാർ സ്ഥാപനമായ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്‌ട്സ് ഡവലപ്മെന്റ് അതോറിട്ടി എന്നിവയാണ് നടപടികൾ പൂർത്തിയാക്കിയത്. നവംബർ ഏഴിനാണ് കപ്പലിൽ ആദ്യമായി പൈനാപ്പിൾ കയറ്റുമതി ചെയ്‌തത്.

വില കുതിക്കുന്നു, പ്രതീക്ഷയിൽ കർഷകർ

നോയമ്പുകാലം ആരംഭിച്ചതോടെ പഴംവിപണി ഉണർന്നതും വടക്കേയിന്ത്യൻ ആവശ്യവും വില വർദ്ധിപ്പിച്ചിട്ടുണ്ട്. ചൂടുമൂലം ഉത്പാദനം കുറഞ്ഞതും വില വർദ്ധിക്കാൻ കാരണമായി. പത്തുവർഷം മുമ്പാണ് പൈനാപ്പിളിന് റെക്കാർഡ് വില ലഭിച്ചത്. 76.50 രൂപ. കീരമ്പാറ വിപണിയിലെ ലേലത്തിലാണ് ഏറ്റവുമുയർന്ന വില ലഭിച്ചത്. ഓറഞ്ച്, ആപ്പിൾ പഴങ്ങളുടെ ഉയർന്ന വിലയും പൈനാപ്പിളിന് ആവശ്യകത വർദ്ധിപ്പിച്ചിട്ടുണ്ട്.

വില ഇന്നലെ

സ്‌പെഷ്യൽ പച്ച 57

പച്ച 55

പഴം 65