കത്ത് വയോജന ക്ലബുകൾ വരട്ടെ
സംസ്ഥാനത്ത്, പ്രത്യേകിച്ച് മദ്ധ്യതിരുതാംകൂറിൽ മിക്ക കുടുംബങ്ങളിലും മുതിർന്ന പൗരന്മാർ മാത്രമാണുള്ളത്. മക്കൾ കേരളത്തിനു പുറത്തും വിദേശരാജ്യങ്ങളിലും ഉപരിപഠനത്തിനും ജോലിക്കും മറ്റുമായി താമസമാക്കിയതോടെ നാട്ടിലെ വീടുകളിൽ ഒറ്റപ്പെട്ട് താമസിക്കേണ്ടിവരുന്നവരാണ് പ്രായംചെന്ന ഇത്തരം ദമ്പതികൾ. ജീവിതപങ്കാളിയുടെ മരണത്തോടെ ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുമുണ്ട്. അടച്ചിട്ട വീടുകളിൽ കഴിയുന്ന ഇവർക്ക് മാനസികോല്ലാസത്തിനും ബൗദ്ധികവും കായികവുമായ വ്യായാമങ്ങൾക്കും ഒത്തുചേരലുകൾക്കുള്ള അവസരങ്ങൾ അനിവാര്യമാണ്.
ഇത്തരം ഒത്തുചേരലിനുള്ള ഇടങ്ങളിൽ വായനയ്ക്കും വിവിധ ഗെയിമുകൾക്കും കളികൾക്കുമുള്ള സൗകര്യം ലഭ്യമാക്കണം. കൂടാതെ ഇത് മത്സരങ്ങൾക്കും ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള വേദിയാവുകയും വേണം. പുതുതായി ചുമതലയേറ്റ തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതികൾ ഈ ലക്ഷ്യത്തോടെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വയോജന ക്ലബുകൾ ആരംഭിക്കാൻ നടപടി സ്വീകരിക്കണം. ഇതിനു വേണ്ടുന്ന സൗകര്യങ്ങളും സാമ്പത്തികവും ഉറപ്പാക്കുന്നതിന് വകുപ്പു മന്ത്രി അടിയന്തരമായി ഇടപെടുകയും, പഞ്ചായത്തുകൾക്ക് ഇക്കാര്യത്തിനായി തന്നതു ഫണ്ട് ഉപയോഗിക്കുന്നതിന് അനുമതി
നൽകുകയും വേണം.
റോയി വർഗീസ് ഇലവുങ്കൽ മുണ്ടിയപ്പള്ളി