ചൈനയുടെ ജി.ഡി.പി വളർച്ച 27 വർഷത്തെ താഴ്‌ചയിൽ
ബെയ്‌ജിംഗ്: സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ മുഖ്യ എതിരാളിയായ ചൈനയുടെ ജി.ഡി.പി വളർച്ച 2019 ജൂലായ് - സെപ്‌തംബർ പാദത്തിൽ 27 വർഷത്തെ താഴ്‌ചയായ ആറു ശതമാനത്തിലേക്ക് കൂപ്പുകുത്തി. രണ്ടാംപാദമായ ഏപ്രിൽ - ജൂണിലെ 6.2 ശതമാനത്തിൽ നിന്നാണ് വീഴ്‌ച. ആഗോള സമ്പദ്‌രംഗത്തെ മാന്ദ്യവും അമേരിക്കയുമായുള്ള വ്യാപാരത്തർക്കവും ആഭ്യന്തര ഉപഭോക്തൃ വിപണിയുടെ തളർച്ചയുമാണ് ചൈനയ്ക്ക് തിരിച്ചടിയായത്.
1992ന് ശേഷം ചൈനയുടെ ഏറ്റവും മോശം ജി.ഡി.പി വളർച്ചയാണിതെന്ന് നാഷണൽ ബ്യൂറോ ഒഫ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് (എൻ.ബി.എസ്) വ്യക്തമാക്കി. ജി.ഡി.പി 6 - 6.5 ശതമാനം വളരുമെന്നാണ് ചൈനീസ് സർക്കാരും വിലയിരുത്തിയിരുന്നത്. 2018ൽ ചൈനയുടെ വളർച്ച 6.6 ശതമാനമായിരുന്നു. ഉപഭോക്തൃ വിപണിയെ ശക്തിപ്പെടുത്താൻ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബാങ്കുകളിലൂടെ 200 ബില്യൺ യുവാൻ (2,800 കോടി ഡോളർ) വിപണിയിലെത്തിക്കുമെന്ന് ചൈനീസ് കേന്ദ്ര ബാങ്കും വ്യക്തമാക്കി.