കൈയില്‍ കിട്ടിയത് ഒമാനെ; എല്ലാ കലിപ്പും തീര്‍ത്ത് ഓസ്‌ട്രേലിയ മടങ്ങി
പല്ലെക്കെലെ (ശ്രീലങ്ക): ട്വന്റി 20 ലോകകപ്പില്‍ നിന്ന് ജയത്തോടെ വിടപറഞ്ഞ് മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ. ദുര്‍ബലരായ ഒമാനെ ഒമ്പത് വിക്കറ്റിനാണ് ഓസീസ് തോല്‍പ്പിച്ചത്. സിംബാബ്‌വെ, ശ്രീലങ്ക എന്നിവരോട് തോറ്റ ഓസ്‌ട്രേലിയ ലോകകപ്പില്‍ നിന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. അവസാന ലീഗ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ ഉയര്‍ത്തിയ 105 റണ്‍സ് വിജയലക്ഷ്യം 9.4 ഓവറില്‍ വെറും ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കങ്കാരുക്കള്‍ മറികടക്കുകയായിരുന്നു.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ 32(19) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് അര്‍ദ്ധ സെഞ്ച്വറി 64*(33) നേടി പുറത്താകാതെ നിന്നു. ഏഴ് ബൗണ്ടറിയും നാല് സിക്‌സറുകളുമാണ് മാര്‍ഷ് അടിച്ചത്. വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് 12*(6) നായകനൊപ്പം പുറത്താകാതെ നിന്നു. ഷക്കീല്‍ അഹമ്മദാണ് ഒമാന് വേണ്ടി ഒരേയൊരു വിക്കറ്റ് വീഴ്ത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 16.2 ഓവറില്‍ 104 റണ്‍സ് നേടിയപ്പോള്‍ എല്ലാവരും പുറത്തായി. 33 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ വസീം അലി ആണ് ഒമാന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ജതീന്ദര്‍ സിംഗ് 17(15), കരണ്‍ സോനെവാലെ 12(11), ഹമ്മദ് മിര്‍സ 16(13) എന്നിവര്‍ മാത്രമാണ് ഒമാന്‍ ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടന്നത്. ഓസ്‌ട്രേലിയക്ക് വേണ്ടി ആദം സാംപ നാല് വിക്കറ്റുകള്‍ വീഴ്ത്തി. സേവ്യര്‍ ബാര്ട്‌ലെറ്റ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും മാര്‍ക്കസ് സ്റ്റോയിനിസ്, നാഥന്‍ എലീസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.