രക്തബാങ്കിലെത്തിയ യുവാക്കളെ വിദ്യാർത്ഥികൾ ഹെൽമെറ്റിന് ആക്രമിച്ചു

Saturday 21 February 2026 1:06 AM IST

കൊച്ചി: അർദ്ധരാത്രി രക്തബാങ്കിൽ രക്തംവാങ്ങാൻ എത്തിയവർക്ക് വിദ്യാർ‌ത്ഥികളുടെ ആക്രമണത്തിൽ പരിക്കേറ്റു. എറണാകുളം മഹാരാജാസ് കോളേജിന് മുൻവശത്തുള്ള ഐ.എം.എ രക്തബാങ്കിന് മുന്നിലായിരുന്നു സംഭവം. രാത്രിനേരത്ത് വിദ്യാർത്ഥികൾ കോളേജിന്റെ മതിൽ ചാടിയതിനെ ചോദ്യംചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്.

മട്ടാഞ്ചേരി കരിപ്പാലം റോഡ് കുന്നത്ത് വളപ്പിൽ ഫർഹാൻ (31), സുഹൃത്ത് സൽമാൻ (25) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇന്നലെ പുലർച്ചെ 1.45നായിരുന്നു സംഭവം. രക്തം വാങ്ങാൻ ബൈക്കിൽ എത്തിയ ഇരുവരും രക്തബാങ്കിന് മുന്നിൽ നിൽക്കുമ്പോഴാണ് വിദ്യാർത്ഥികൾ മതിൽചാടുന്നത് ശ്രദ്ധയിൽപ്പെട്ടതും ചോദ്യംചെയ്തതും. പ്രകോപിതരായ വിദ്യാർത്ഥികൾ ഫർഹാന്റെ ബൈക്കിൽനിന്ന് ഹെൽമെറ്റ് എടുത്ത് ഇരുവരെയും ആക്രമിച്ചു. മുതുകത്തും കൈയ്ക്കും തലയ്ക്കും പരിക്കേറ്റു.

സംഭവത്തിൽ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തതായി എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു. രക്തബാങ്കിന് സമീപത്തെ സി.സി ടിവി ക്യാമറകൾ പരിശോധിച്ച് അക്രമികളെ തിരിച്ചറിയാൻ നടപടി തുടങ്ങി.