കാത്തിരിപ്പിന് ഒടുവിൽ കനാലിൽ വെള്ളം

Saturday 21 February 2026 12:07 AM IST

പ്രമാടം: കത്തുന്ന വേനലിൽ കരിഞ്ഞുണങ്ങുന്ന പാടശേഖരങ്ങൾക്ക് പ്രതീക്ഷയുടെ നനവേകി കല്ലട ഇറിഗേഷൻ കനാലിൽ വെള്ളമെത്തി. ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് കെ.ഐ.പിയുടെ കോന്നി ഡിസ്ട്രിബ്യൂട്ടറിയുടെ ഭാഗമായുള്ള കനാൽ ഇന്നലെ തുറന്നത്.

ഇതോടെ പ്രമാടം, വള്ളിക്കോട് ഗ്രാമപഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകും. പാടശേഖരങ്ങളും ജലസ്രോതസുകളും വറ്റിവരണ്ടിട്ടും കല്ലട ഇറിഗേഷൻ വകുപ്പ് അധികൃതർ നടപടി സ്വീകരിക്കാത്തത് സംബന്ധിച്ച് കഴിഞ്ഞ 2ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് നടപടി.

കുടിനീരിനായും കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാനും പ്രമാടം, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് നിവാസികൾ ഒന്നര മാസത്തോളമായി അലച്ചിലിലായിരുന്നു. ജില്ലയുടെ പ്രധാന നെല്ലറകളിൽ ഒന്നായ വള്ളിക്കോട് പാടശേഖരവും വരൾച്ചയുടെ പിടിയിലായിരുന്നു. നെൽച്ചെടികളാകെ കരിഞ്ഞുതുടങ്ങിയിരുന്നു. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ പ്രമാടത്തും വള്ളിക്കോട്ടും ജനുവരി പതുകിയോടെ കനാൽ വെള്ളം എത്തിക്കുമെന്നാണ് നേരത്തെ കല്ലട ഇറിഗേഷൻ വകുപ്പ് അധികൃതർ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകിയിരുന്നത്.

ആഴ്കളായി കനാൽ തുറന്നിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും ഒരുതുള്ളി വെള്ളം പോലും എത്തിയിരുന്നില്ല. വെള്ളം എത്തിക്കുന്നതിനായി കാടുമൂടിക്കിടന്ന കനാൽ ഭാഗങ്ങൾ ജനപ്രതിനിധികളും നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും കർഷകരും ചേർന്ന് നേരത്തെ തന്നെ വൃത്തിയാക്കിയിരുന്നു.

ചെറുകിട പദ്ധതികൾ ജലസമൃദ്ധം

 ഇരുപഞ്ചായത്തുകളിലെയും ചെറുകിട പദ്ധതികളിലേക്ക് വരൾച്ചാക്കാലത്ത് വെള്ളം എത്തണമെങ്കിൽ കെ.ഐ.പി കനാൽ തുറക്കണം

 കോന്നി ഡിസ്ട്രിബ്യൂട്ടറിയുടെ ഭാഗമാണ് പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകൾ

 കരിങ്കുടുക്ക മുതൽ വി. കോട്ടയം വരെയാണ് കെ.ഐ.പി കനാൽ പ്രമാടം പഞ്ചായത്തിലൂടെ കടന്നുപോകുന്നത്

 തുടർന്ന് വള്ളിക്കോട് പഞ്ചായത്തിൽ പ്രവേശിക്കും

 കനാൽ തുറന്നതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലും വെള്ളമെത്തും

 അതേസമയം ഇരു പഞ്ചായത്തുകളിലെയും പ്രധാന ജലസ്രോതസായ അച്ചൻകോവിലാ​റ്റിൽ ജലനിരപ്പ് കുറഞ്ഞത് ശുദ്ധജല വിതരണത്തെ ബാധിച്ചു

വെള്ളമെത്തിയ വാർഡുകൾ

പ്രമാടം-10

വള്ളിക്കോട്-12

ഇരു പഞ്ചായത്തുകളിലെയും രൂക്ഷമായ ജലക്ഷാമത്തിന് ഒരുപരിധിവരെ പരിഹാരമാകും. കൃഷിയിടങ്ങൾക്ക് പുതുജീവനേകി.

നാട്ടുകാർ