താത്‌കാലികക്കാരെ സ്ഥിരപ്പെടുത്തണം  ശുപാർശയുമായി സ്പോർട്സ് കൗൺസിൽ

Saturday 21 February 2026 12:00 AM IST

തിരുവനന്തപുരം: സംസ്ഥാന സ്‌പോർട്സ് കൗൺസിലിൽ സ്ഥിരം തസ്തികയിൽ താത്‌കാലികമായി ജോലിനോക്കുന്ന 10 വർഷത്തിലധികം സർവീസുള്ള 23 പേർക്ക് സ്ഥിരനിയമനം നൽകാൻ സ്റ്റാൻഡിംഗ് കമ്മിറ്റിയോഗം സർക്കാരിനോട് ശുപാർശ ചെയ്തു. ഇതിൽ 12 പേർ പരിശീലകരും 11 പേർ ക്ലാർക്ക്, അറ്റൻഡർ തസ്തികയിലുള്ളവരുമാണ്.

അന്താരാഷ്ട്ര കായിക താരങ്ങളടക്കം സർക്കാർ ജോലിക്കായി കാത്തിരിക്കുമ്പോഴാണ് മുൻ കാലങ്ങളിൽ താത്കാലികക്കാരെ സ്ഥിരമാക്കിയ സർക്കാർ ഉത്തരവിന്റെ ചുവടുപിടിച്ച് ശുപാർശ സർക്കാരിലേക്ക് അയച്ചത്. ഇവരിൽ ഏറെയും രാഷ്ട്രീയ സ്വാധീനംവഴി ജോലിയിൽ കയറിയവരാണെന്നും അർഹരായ കായികതാരങ്ങളെ പരിഗണിച്ചിട്ടില്ലെന്നും പരാതിയുണ്ട്. പട്ടികയിലുൾപ്പെട്ട ചിലർ സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ പുറത്താക്കപ്പെട്ടശേഷം സ്വാധീനം ഉപയോഗിച്ച് തിരികെ കയറിയവരാണെന്നും പരാതിയുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ കൗൺസിൽ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മുൻകാലങ്ങളിലെ കീഴ്‌വഴക്കം പാലിക്കുകമാത്രമാണ് ചെയ്തതെന്നും സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയും വൈസ് പ്രസിഡന്റ് എം.ആർ. രഞ്ജിത്തും പറഞ്ഞു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശുപാർശ. 18 വർഷത്തോളമായി താത്‌കാലികമായി ജോലി നോക്കുന്നവരും 50 വയസ് കഴിഞ്ഞവരും ഈ പട്ടികയിലുണ്ടെന്നും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ കൂടിയാണ് ശുപാർശയെന്നും എം.ആർ. രഞ്ജിത്ത് പറഞ്ഞു.

 സ്പെഷ്യൽ റൂൾ കാണാമറയത്ത്

സ്പോർട്സ് കൗൺസിൽ നിയമനങ്ങൾ പി.എസ്.സിക്ക് വിടുമെന്നും ഇതിനായി സ്പെഷ്യൽ റൂൾസ് ഉണ്ടാക്കുമെന്നും 2011 മുതൽ കായികമന്ത്രിമാർ പറയുന്നതാണ്. എന്നാൽ ഇന്നുവരെ ഇത് നടന്നിട്ടില്ല. സ്പെഷ്യൽ റൂൾ തയാറാക്കി സർക്കാരിനു സമർപ്പിച്ചിരിക്കുകയാണെന്നും സർക്കാർ അംഗീകരിച്ചാൽ നിയമനങ്ങൾ പി.എസ്.സിക്ക് വിടുമെന്നുമാണ് കൗൺസിൽ ഭാരവാഹികൾ പറയുന്നത്.

 2015ലെ ഉത്തരവിൽ പറയുന്നു; 'ഇതൊരു കീഴ്‌വഴക്കമാക്കരുത്"

2015ൽ കൗൺസിലിന്റെ ശുപാർശപ്രകാരം 10 താത്കാലിക ജീവനക്കാരെ സ്ഥിരമാക്കിയ സർക്കാർ ഉത്തരവിൽ ''ഈ ഉത്തരവ് പ്രത്യേകകേസെന്ന നിലയിൽ പുറപ്പെടുവിക്കുന്നതാണെന്നും ഇതൊരു കീഴ്വഴക്കമാക്കരുതെന്നും"" പ്രത്യേകം പറയുന്നുണ്ട്. എന്നിട്ടും ഈ ഉത്തരവിന്റെ മറപറ്റിയാണ് പുതിയ സ്ഥിരപ്പെടുത്തലിനും ശുപാർശ നൽകിയിരിക്കുന്നത്.