ചൂട് 36 ഡിഗ്രി,​ തീയാളും

Saturday 21 February 2026 12:16 AM IST

പത്തനംതിട്ട: വേനൽ ചൂട് ജില്ലയിൽ 36 ഡിഗ്രി പിന്നിട്ടതോടെ നാടെങ്ങും വെന്തുരുകുകയാണ്. വരും ദിവസങ്ങളിലും ചൂട് കൂടാൻ സാദ്ധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതോടെ തീപിടിത്തങ്ങളും വർദ്ധിച്ചിരിക്കുകയാണ്. ദിവസവും ഒന്നിലേറെ സ്ഥലങ്ങളിൽ തീപിടിത്തം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ചെറിയ അശ്രദ്ധ പോലും വൻ ദുരന്തത്തിന് വഴിവയ്ക്കാം. അതിനാൽ വേനൽക്കാലത്ത് കരുതലോടെ പ്രവർത്തിക്കണമെന്ന് അഗ്നിരക്ഷാ സേന മുന്നറിയിപ്പ് നൽകുന്നു. വീടുകളിൽ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോഴും ശ്രദ്ധപുലർത്തണം. ശക്തമായ കാറ്റുള്ള സമയത്ത് തീയിടാൻ പാടില്ല.

തീ പൂർണമായും അണഞ്ഞു എന്ന് ഉറപ്പാക്കിയ ശേഷമേ സ്ഥലത്ത് നിന്ന് മാറാവൂ. ചപ്പുചവറുകൾ കത്തിക്കുന്നതിന് മുമ്പ് ആവശ്യമെങ്കിൽ തീ കെടുത്താനുള്ള ജലം ശേഖരിച്ചിരിക്കണം. തീ പടരാൻ സാദ്ധ്യതയുള്ളവയുടെ സമീപത്തും വഴിയോരങ്ങളിലും മാലിന്യം കൂട്ടിയിട്ട് കത്തിക്കരുത്.

പറമ്പുകളിലെ ഉണങ്ങിയ പുല്ലും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കണം. സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയരുത്. തീ പടരുന്നത് കണ്ടാൽ സുരക്ഷിത സ്ഥാനത്തേക്ക് മാറണം. ശാരീരിക ക്ഷമതയുള്ളവർ മാത്രമേ തീ കെടുത്താൻ ശ്രമിക്കാവൂ. മാർക്കറ്റുകൾ, മാലിന്യ സംഭരണ കേന്ദ്രങ്ങൾ എന്നിവയ്ക്ക് സമീപം താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പുലർത്തണം.

ജില്ലയിൽ വരണ്ട അന്തരീക്ഷം

 ഉയർന്ന ഊഷ്മാവുള്ള വരണ്ട അന്തരീക്ഷം

 കാടുപിടിച്ച സ്ഥലങ്ങളും മാലിന്യങ്ങളും തീപിടിക്കാനുള്ള സാദ്ധ്യത കൂടുതൽ

 തീ കെടുത്തിയാലും വീണ്ടും പുകഞ്ഞ് കത്തും

 ജനങ്ങളും ശ്രദ്ധയോടെ പെരുമാറണം

 അനാവശ്യമായി ചപ്പുചവറുകൾക്ക് തീയിടരുത്

തീപിടിത്തമുണ്ടായാൽ ഉടൻ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുക. മുതിർന്ന കുട്ടികൾ ഉൾപ്പടെ വീട്ടിലുള്ളവർക്ക് എമർജൻസി നമ്പരായ 101 പറഞ്ഞുകൊടുക്കുക.

വി.വിനോദ് കുമാർ സ്റ്റേഷൻ ഓഫീസർ,

ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ, പത്തനംതിട്ട

കേരള സിവിൽ ഡിഫൻസിന്റെ ഭാഗമായി വിവിധ രക്ഷാപ്രവർത്തനങ്ങൾ,​ പ്രഥമ ശുശ്രൂഷ ഉൾപ്പടെയുള്ള പരിശീലനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നുണ്ട്. www.cd.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന പേര് രജിസ്റ്റർ ചെയ്യാം.

വിശി വിശ്വനാഥ്, ജില്ലാ ഫയർ ഓഫീസർ, പത്തനംതിട്ട