റാപ്പർ വേടന്റെ വിവാഹം 24ന് നവമി ലത ജീവിതസഖി

Saturday 21 February 2026 12:47 AM IST

കണ്ണൂർ: റാപ്പറും ഗാനരചയിതാവുമായ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനാകുന്നു. എഴുത്തുകാരി നവമി ലതയാണ് വധു. 24ന് തൃശൂരിൽ രജിസ്റ്റർ വിവാഹം നടക്കുമെന്ന് വേടൻ അറിയിച്ചു. കണ്ണൂർ ധർമശാലയിൽ സർക്കാർ സംഘടിപ്പിച്ച ഹാപ്പിനസ് ഫെസ്റ്റിവൽ പരിപാടിക്കെത്തിയ വേടനെ പൊന്നാടയണിയിച്ച് ആദരിച്ചപ്പോഴാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിവാഹകാര്യം ആദ്യം പരാമർശിച്ചത്. പിന്നാലെ മറുപടി പ്രസംഗത്തിൽ വേടൻ ഇക്കാര്യം സ്ഥിരീകരിച്ചു. 24ന് താൻ വിവാഹിതനാകുമെന്നും എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വേടൻ പറഞ്ഞു. നവമിയും വേടനും ഏറെ നാളായി പ്രണയത്തിലാണ്. പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങാൻ തിരുവനന്തപുരത്ത് എത്തിയപ്പോഴും നവമി വേടനൊപ്പമുണ്ടായിരുന്നു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ലളിതമായിട്ടാണ് വിവാഹച്ചടങ്ങ്.