സ്വർണ, ക്രൂഡോയിൽ വിലയിൽ കുതിപ്പ്

Saturday 21 February 2026 12:01 AM IST

കൊച്ചി: ഡോണാൾഡ് ട്രംപിന്റെ പകരത്തീരുവ അമേരിക്കൻ സുപ്രീം കോടതി റദ്ദാക്കിയതോടെ രാജ്യാന്തര വിപണിയിൽ സ്വർണം, ക്രൂഡോയിൽ വില കുതിച്ചുയർന്നു. ക്രൂഡോയിൽ വില ബാരലിന് 72 ഡോളറിന് മുകളിലെത്തി. രാജ്യാന്തര സ്വർണ വില ഔൺസിന് 70 ഡോളർ ഉയർന്ന് 5,080 ഡോളറിലെത്തി. അമേരിക്കയിലെ രാഷ്ട്രീയ അനിശ്ചിതത്വം ആഗോള തലത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തുന്നത്. ട്രംപിനെതിരായ കോടതി തീരുമാനം ലോകമെമ്പാടുമുള്ള ബിസിനസ് സമൂഹത്തിന് ആവേശം പകരുന്നതാണ്.

കഴിഞ്ഞ മാസങ്ങളിൽ അമേരിക്ക ഈടാക്കിയ അധിക തീരുവ തുക കോടതി വിധിക്ക് ശേഷം തിരിച്ചു നൽകേണ്ടി വന്നേക്കും. അധിക തീരുവ നൽകി കയറ്റുമതി നടത്തിയ ഇന്ത്യൻ കമ്പനികൾക്ക് അനുകൂല തീരുമാനമാണിത്. ഇന്നലെ സ്വർണ വിപണിയിൽ കനത്ത ചാഞ്ചാട്ടമാണ് ദൃശ്യമായത്. രാവിലെ വില ഗ്രാമിന് 100 രൂപ കുറഞ്ഞതിന് ശേഷം വൈകിട്ട് ഗ്രാമിന് 110 രൂപ ഉയർന്നു. അമേരക്കിയിലെ ഓഹരി വിപണിയിലും ഇന്നലെ വൻ മുന്നേറ്റം ദ്വശ്യമായി. തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണിയും കുതിച്ചുയരുമെന്ന് വിലയിരുത്തുന്നു.