ഇൻവെസ്റ്റ് കേരള: തുടക്കമായത് 54,908 കോടിയുടെ പദ്ധതികൾ

Saturday 21 February 2026 12:04 AM IST

നിക്ഷേപ ഉച്ചകോടിയുടെ വാർഷികം ഇന്ന്

കൊച്ചി: സംസ്ഥാനത്തേക്ക് വലിയ തോതിൽ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്" ഒരുവർഷം പിന്നിടുമ്പോൾ 54,908.22 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമായെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. ഭൂമി ലഭ്യമായ നിക്ഷേപ വാഗ്ദാനങ്ങളിൽ 40.35 ശതമാനം യാഥാർത്ഥ്യമായെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2025 ഫെബ്രുവരി 21, 22 തിയതികളിലാണ് കൊച്ചിയിൽ സംഗമം സംഘടിപ്പിച്ചത്. ടൂറിസം, ഭക്ഷ്യസംസ്‌കരണം, ഐ.ടി, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത്‌കെയർ തുടങ്ങിയ 22 മുൻഗണനാ മേഖലകളിലാണ് നിക്ഷേപങ്ങൾ ലഭിച്ചത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരുവർഷത്തിനകം ഇത്രയും പദ്ധതികൾ യാഥാർത്ഥ്യമാകുന്നത്. നിക്ഷേപ താത്പര്യപത്രങ്ങൾ യാഥാർത്ഥ്യമാക്കാൻ പരിശ്രമം തുടരുകയാണ്. നിക്ഷേപ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതികളെ തരംതിരിച്ച് കെ.എസ്.ഐ.ഡി.സി, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കിൻഫ്ര എന്നീ ഏജൻസികൾ കൃത്യമായ നടപടികളെടുക്കുന്നു.

നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താൻ 22 നയപരിഷ്‌കാരങ്ങൾ അംഗീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിൽ പ്രത്യേക കർമ്മസേന രൂപീകരിച്ചതും ജില്ലാ കളക്ടറേറ്റുകളിൽ ഇൻവെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷൻ സെല്ലുകൾ ആരംഭിച്ചതും പദ്ധതികളുടെ വേഗത വർദ്ധിപ്പിച്ചു. 115 പദ്ധതികളുടെ നിർമ്മാണം ആരംഭിക്കാനായത് നേട്ടമായാണെന്ന് മന്ത്രി പറഞ്ഞു. വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്‌.ഐ.ഡി.സി ചെയർമാൻ സി. ബാലഗോപാൽ, മാനേജിംഗ് ഡയറകക‌ടർ പി. വിഷ്ണുരാജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇൻവെസ്റ്റ് കേരള

ആകെ നിക്ഷേപ താത്പര്യപത്രങ്ങൾ 449 ആകെ നിക്ഷേപ മൂല്യം 1,81,209 കോടി ആകെ തൊഴിലവസര സാദ്ധ്യത 4,97,800 ഭൂമി ലഭ്യമായ പദ്ധതികൾ 285 ആരംഭിച്ചവ 115 എണ്ണം മൊത്തം നിക്ഷേപം 54,908.22 കോടി പ്രതീക്ഷിക്കുന്ന തൊഴിലവസരങ്ങൾ 66,073