ഡോ.കെ.കെ. സുലേഖ നിര്യാതയായി
കൊച്ചി: മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പലും മലയാളവിഭാഗം അദ്ധ്യക്ഷയുമായിരുന്ന ഡോ.കെ.കെ. സുലേഖ (66) നിര്യാതയായി. സാഹിത്യകാരിയും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആലുവ സി.സി.എം.വൈ പ്രിൻസിപ്പലായിരിക്കേയാണ് അന്ത്യം. കബറടക്കം ഇന്ന് രാവിലെ 10ന് ചെങ്ങമനാട് പാലപ്രശേരി ജുമാമസ്ജിദ് കബർസ്ഥാനിൽ.
തൃപ്പൂണിത്തുറ ഗവ. കോളേജ് പ്രിൻസിപ്പലായി വിരമിച്ച സുലേഖ മഹാരാജാസിനുപുറമേ വിവിധ കോളേജുകളിൽ മലയാളം പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി.പി.എം പാലപ്രശേരി ബ്രാഞ്ച് അംഗമാണ്. നാദഭരിതമായ ചിദംബരങ്ങൾ, കേരള മുസ്ലിം നവോത്ഥാനത്തിൽ കൊടുങ്ങല്ലൂരിന്റെ പങ്ക്, സാമൂഹികതയുടെ വ്യതിരിക്തത - ബഷീർ കൃതികളിൽ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.
ഹൈക്കോടതി രജിസ്ട്രാറും മുൻ ജില്ലാജഡ്‌ജിയും ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായിരുന്ന ചെങ്ങമനാട് പാലപ്രശേരി പറേലിൽ പി.കെ. ഹനീഫയാണ് ഭർത്താവ്. കൊടുങ്ങല്ലൂരിലെ കൊമ്പനേഴത്ത് കുഞ്ഞുമരക്കാർ - കുഞ്ഞാച്ചുമ്മ ദമ്പതികളുടെ മകളാണ് സുലേഖ.
സഹോദരങ്ങൾ: കവിയും സാഹിത്യകാരനുമായ ബക്കർ മേത്തല, മുഹമ്മദ്, അബ്ദുല്ല, അലി.