അടൂർ ബൈപ്പാസിൽ വട്ടത്തറപ്പടിയിൽ സിഗ്നൽ ലൈറ്റുകളിൽ ആശയക്കുഴപ്പം കുഴഞ്ഞുമറിഞ്ഞ് ട്രാഫിക്ക് സിഗ്നൽ
അടൂർ : അടൂർ ബൈപ്പാസിൽ വട്ടത്തറപ്പടിയിൽ ഏർപ്പെടുത്തിയ സിഗ്നൽ സംവിധാനത്തിൽ യാത്രക്കാർക്ക് സർവത്ര ആശയകുഴപ്പം. ഇവിടെ പോസ്റ്റുകൾ സ്ഥാപിച്ച സമയം മുതലുണ്ടായിട്ടുള്ള അശാസ്ത്രീയതയും പോരായ്മകളും കേരളകൗമുദി മുൻപ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. സിഗ്നൽ സജ്ജമായ സമയം മുതലുള്ള പോരായ്മകൾ പ്രദേശവാസികളും പല തവണ ചൂണ്ടിക്കാട്ടിയിരുന്നു .എന്നാൽ ഈ പ്രശ്‍നങ്ങളൊന്നും ചെവിക്കൊള്ളാൻ അധികൃതർ തയാറായിരുന്നില്ല .ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ ഡി വൈ എസ് പി അന്വേഷണം നടത്തിയ ശേഷം പരാതിക്കാരന് നൽകിയ മറുപടിയിൽ സിഗ്നൽ സംവിധാനത്തിലുണ്ടായ പോരായ്‌മകൾ അക്കമിട്ട് നിരത്തുന്നുണ്ട് .പള്ളിക്കൽ സ്വദേശിയും പൊതുപ്രവർത്തകനുമായ രാമാനുജൻ കർത്തയാണ് വട്ടത്തറപ്പടി സിഗ്നലിലെ പോരായ്മകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയത്. വട്ടത്തറപ്പടി സിഗ്‌നലിന്റെ കിഴക്കും പടിഞ്ഞാറുമുള്ള റോഡുകളിൽ വീതി കുറവാണെന്നും ഇരു ബൈ റോഡുകളിലും കൂടി വരുന്ന വാഹനങ്ങൾ ബൈപ്പാസ് റോഡിന്റെ സമീപത്തേക്ക് കയറ്റി നിറുത്തുന്നത് മൂലം ആദ്യം പ്രധാന റോഡുകളിൽ നിന്ന് കിഴക്കും പടിഞ്ഞാറുമുള്ള ബൈറോഡുകളിലേക്ക് തിരിയേണ്ട വാഹനങ്ങൾക്ക് സിഗ്‌നൽ ലൈറ്റ് കാണാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നതിനെപ്പറ്റിയും,പിന്നീട് അവിടെ നിന്നും ലൈറ്റുകൾ മാറ്റി സ്ഥാപിച്ചതിനെപ്പറ്റിയും മറുപടിയിൽ കൃത്യമായി പറയുന്നുണ്ട് .വട്ടത്തറപ്പടിയിൽ തൂണുകളിൽ കുറഞ്ഞ ഉയരത്തിൽ ടൈമിംഗ് സിഗ്നലുകൾ സ്ഥാപിക്കുന്നത് പരിഗണിക്കാവുന്നതാണെന്നും മറുപടി കത്തിൽ പറയുന്നുണ്ട് .എന്നാൽ ടൈമിഗ് സിഗ്നലുകൾ ഇവിടെ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വേണ്ട അന്വേഷണങ്ങൾ നടത്തുവാനും ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഏഴംകുളം ട്രാഫിക്ക് സിഗ്നലിന്റെ ഇൻസ്റ്റലേഷൻ ചുമതലകളും മെയിന്റനൻസ് ചുമതലകളും വഹിക്കുന്ന എ ഡി ന്യൂസ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കാനും അടൂർ ട്രാഫിക്ക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് സബ് ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡി.വൈ.എസ് പി മറുപടിയിൽ വ്യക്തമാക്കുന്നുണ്ട് . പക്ഷെ എ ഡി ന്യൂസ് കരാർ ഏറ്റെടുത്തിട്ടുള്ള ഏഴംകുളം ജംഗ്ഷനിലെ ട്രാഫിക്ക് സിഗ്നൽ ഇപ്പോഴും തകരാറിലാണ് .നിരവധി തവണ ഇതിനോടകം അറ്റ കുറ്റപണികൾ നടത്തിയിട്ടും സിഗ്നൽ ലൈറ്റുകളിലെ തകരാർ പരിഹരിക്കാൻ എ ഡി ന്യൂസിന് സാധിക്കുന്നില്ല എന്നതാണ് വിരോധാഭാസം.
..........................
വട്ടത്തറപ്പടിയിലുള്ള സിഗ്നൽ ലൈറ്റിന്റെ അശാസ്ത്രീയതയും ആശയക്കുഴപ്പവും പൂർണമായി പരിഹരിക്കണം.
(പ്രദേശവാസികൾ)