വേനൽച്ചൂട് കൂടുന്നു; വേണം, കരുതൽ
കോഴിക്കോട്: വേനലിന്റെ കാഠിന്യം കൂടിത്തുടങ്ങിയതോടെ ജില്ല വെന്തുരുകുന്നു. കനത്ത ചൂടിൽ പകൽ പുറത്തിറങ്ങാനാകാതെ വലയുകയാണ് ജനങ്ങൾ. പകൽ സമയത്തെ പോലെ രാത്രിയിലും ചൂട് കൂടുതലാണ്. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ചൂട് കൂടുന്നതെങ്കിലും ഇത്തവണ ഫെബ്രുവരി രണ്ടാംപകുതിയോടെ തന്നെ ചൂട് കനത്തു. ജില്ലയിൽ ഇന്നലെ 31 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചൂടിന്റെ കാഠിന്യം കൂടിയിട്ടുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റിയതും കുന്നുകൾ നികത്തിയതുമാണ് കാഠിന്യം രൂക്ഷമാക്കാൻ ഇടയാക്കിയത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. വേനൽക്കാലമായതിൽനാൽ വയറിളക്കം, മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളും ചിക്കൻ പോക്‌സ് പോലെയുള്ള പകർച്ചവ്യാധികളും ഉണ്ടാകാനും സാദ്ധ്യതയുണ്ട്.
പ്രതിരോധ മാർഗങ്ങൾ
1.ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം.
2.ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ ധാരാളമായി കുടിക്കുക.
3.നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കോള തുടങ്ങിയ ഒഴിവാക്കുക
4.വെള്ളം ധാരാളമായി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക.
5.നോമ്പ് അനുഷ്ഠിക്കുന്നവർ വ്രതത്തിന് മുമ്പും ശേഷവും ധാരാളം വെള്ളം കുടിക്കുകയും ആരോഗ്യകരമായ ഭക്ഷണനിയന്ത്രണം പിന്തുടരുകയും വേണം.
6.വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചക്ക് 12 മുതൽ 3 വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
7.കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടണം.
8.കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയതുമായ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ
സൂര്യാഘാതമോ ചൂട് കാരണമുള്ള മറ്റു ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടായാൽ വെയിലുള്ള സ്ഥലത്തുനിന്ന് തണുപ്പുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക
ധരിച്ച കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക
തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക.
ആരോഗ്യസ്ഥിതി മെച്ചപ്പെടാതിരിക്കുകയോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.
''അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്നതിനാൽ സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണം''
ഡോ. കെ കെ രാജാറാം , ജില്ലാ മെഡിക്കൽ ഓഫീസർ
കെട്ടിടങ്ങളുടെ ഫയർ ഓഡിറ്റിംഗ് പൂർത്തിയാക്കണം
കോഴിക്കോട്: വേനൽക്കാല വരൾച്ചയും അപകടങ്ങളും നേരിടാൻ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ആവശ്യമായ മുന്നൊരുക്കവും മുൻകരുതൽ നടപടികളും സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് നിർദേശിച്ചു. തീപിടിത്ത മുൻകരുതലിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ഫയർ ഓഡിറ്റിംഗ് പൂർത്തിയാക്കാൻ നിർദേശം നൽകി. ആശുപത്രി കെട്ടിടങ്ങളുടെ ഫയർ ഓഡിറ്റിങ്ങിന് മുൻഗണന നൽകണം. വിവിധ വകുപ്പുകൾ വരൾച്ചയെ നേരിടുന്നതിന് നടത്തേണ്ട പ്രവർത്തനങ്ങൾ താഴെ തട്ടിലുള്ള ഓഫീസുകൾക്കെല്ലാം നൽകണം. കുടിവെള്ളക്ഷാമ സാദ്ധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്തി പഞ്ചായത്ത് തലത്തിൽ കുടിവെള്ള വിതരണം ഉറപ്പുവരുത്തണമെന്നും കളക്ടർ നിർദേശിച്ചു.