ശബരിമല സ്വർണക്കൊള്ളയിൽ ആദ്യ മുൻകൂ‌ർ ജാമ്യം

Saturday 21 February 2026 12:51 AM IST

ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീക്ക് ജാമ്യം

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്.ജയശ്രീക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സ്ത്രീയെന്ന പരിഗണനയിലാണിത്. കേസിലെ ആദ്യ മുൻകൂ‌ർ ജാമ്യമാണിത്. നാലാം പ്രതിയാണ് ജയശ്രീ. അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടാൽ ഹാജരാകണമെന്നും ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ്ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.

കഴിഞ്ഞ ഡിസംബർ 18ന് സുപ്രീംകോടതി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞിരുന്നു. കോടതി നിർദ്ദേശപ്രകാരം ജനുവരി 8, 9 തീയതികളിലും ഫെബ്രുവരി 18നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ജയശ്രീ ഹാജരായി. അന്വേഷണവുമായി പൂ‌ർണമായി സഹകരിക്കുന്നതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൈയക്ഷരത്തിന്റെയും ഒപ്പിന്റെയും മാതൃക അന്വേഷണസംഘത്തിന് ഇതിനോടകം കൈമാറി. 2019 ജൂലായ് മൂന്നിലെ ബോർഡ് യോഗത്തിൽ ദ്വാരപാലക ശില്പപ്പാളികൾ അറ്റകുറ്റപ്പണി നടത്താനും സ്വ‌ർണം പൂശാനുമുള്ള ശുപാർശ ജയശ്രീ ഉൾപ്പെടുത്തിയെന്നാണ് ആരോപണം.

വിശദീകരിച്ച് ജയശ്രീ

തിരുവാഭരണം കമ്മിഷണറുടെ മേൽനോട്ടത്തിലായിരിക്കണം പണികൾ നടത്തേണ്ടതെന്ന കൃത്യമായ നിർദ്ദേശത്തോടെയാണ് സ്വ‌ർണപ്പാളികൾ ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് കൈമാറാൻ അനുമതി നൽകിയതെന്ന് ജയശ്രീ സമ‌ർപ്പിച്ച സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. അറ്റകുറ്റപ്പണി നടത്താനുള്ള ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ദ്വാരപാലക ശില്പപ്പാളികൾ സന്നിധാനത്തിന് പുറത്തു കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ല. ശബരിമലയിൽ ഇതുവരെ പോയിട്ടില്ല. 38 വ‌ർഷത്തെ കളങ്കമില്ലാത്ത സർവീസ് റെക്കാഡാണുള്ളത്. ക്രിമിനൽ പശ്ചാത്തലമില്ല. റിട്ടയറായതിനാൽ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യമല്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.