മന്ത്രി മാറിയാലേ സിസ്റ്റം ശരിയാകൂ: ചെന്നിത്തല

Saturday 21 February 2026 12:16 AM IST

* ഉഷ ജോസഫിനെ സന്ദർശിച്ചു

കൊച്ചി: മന്ത്രി സ്ഥാനത്തുനിന്ന് വീണാ ജോർജ് മാറിയാലേ ആരോഗ്യവകുപ്പിലെ സിസ്റ്റം ശരിയാവുകയുള്ളൂവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചികിത്സാപ്പിഴവിനെ തുടർന്ന് അഞ്ചുവർഷമായി വയറ്റിൽ കത്രികയുമായി വേദന സഹിച്ച് ജീവിക്കേണ്ടിവന്ന പുന്നപ്ര സ്വദേശി ഉഷാ ജോസഫിനെ എറണാകുളം അമൃത ആശുപത്രിയിൽ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി ഏതുകാര്യത്തിലും സിസ്റ്റത്തെ കുറ്റംപറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. അത് അംഗീകരിക്കാൻ കഴിയില്ല. ആരോഗ്യമേഖല സമ്പൂർണ പരാജയമാണ്. അഞ്ചുവർഷം കഠിനമായ വേദന അനുഭവിച്ചിട്ടും സ്‌കാനിംഗിൽപ്പോലും കണ്ടെത്താൻ കഴിയാതിരുന്നത് വലിയവീഴ്ചയാണ്. കെ.സി. വേണുഗോപാൽ എം.പിയുടെ ഇടപെടലിനെ തുടർന്നാണ് ഉഷയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

കോഴിക്കോട് ഹർഷിനയുടെ കേസിൽ സർക്കാർ കാണിച്ച വഞ്ചന ഉഷയുടെ കാര്യത്തിൽ ആവർത്തിക്കാൻ പാടില്ല. ഹർഷിനയ്ക്ക് 50 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവായപ്പോൾ സർക്കാർ നൽകിയത് വെറും രണ്ടുലക്ഷം രൂപയാണ്. മന്ത്രിയുടെ വീട്ടുപടിക്കൽ സമരം ചെയ്യേണ്ടിവന്ന ആ കുടുംബത്തിന്റെ അവസ്ഥ ഈ പാവപ്പെട്ട കുടുംബത്തിന് ഉണ്ടാകരുത്. ഉഷയുടെ ചികിത്സാച്ചെലവ് പൂർണമായും സർക്കാർ വഹിക്കണം. അർഹമായ നഷ്ടപരിഹാരം അടിയന്തരമായി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.