കഞ്ചിക്കോട് വ്യവസായ മേഖലയിലെ റോഡുകൾ തകർന്ന നിലയിൽ

Saturday 21 February 2026 1:16 AM IST
പണി പൂർത്തിയാകാത്ത കഞ്ചിക്കോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ്‌

കഞ്ചിക്കോട്: തകർന്ന റോഡുകൾ കഞ്ചിക്കോട് വ്യവസായ മേഖലയുടെ ശാപമായി മാറുന്നു. സത്രപ്പടി ജംഗ്ഷനിൽ റോഡിന്റെ ഒത്ത നടുക്ക് വലിയ കുഴി തന്നെ രൂപപ്പെട്ടിട്ടുണ്ട്. ബീവറേജസ് ജംഗ്ഷനിൽ റോഡ് പൂർണമായി തകർന്ന് കിടക്കുകയാണ്. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്ക് പോകുന്ന റോഡുകളിൽ ഗതാഗതം വളരെ ദുഷ്‌കരമാണ്. മണ്ണുകാട് പാലത്തിലേക്ക് പോകുന്ന റോഡും തകർന്ന നിലയിലാണ്. പി.കെ ചള്ളയിൽ കോൺക്രീറ്റ് റോഡ് പൂർണ്ണമായി ഇളകി കിടക്കുകയാണ്. ഫോറസ്റ്റ് ഡിവിഷൻ ഓഫീസിന് മുമ്പിലൂടെയുള്ള റോഡ് മണ്ണ് റോഡ് ആയി കിടക്കുകയാണ്. ഇതെല്ലാം പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളാണ്. ജനകീയ ആവശ്യങ്ങൾ മുൻ നിറുത്തി ഈ റോഡുകൾ നന്നാക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നും പൊതുമരാമത്ത് വകുപ്പിൽ നിന്നും തുക വകയിരുത്തിയിട്ടുണ്ട്. ചില റോഡുകൾ ടെൻഡർ ചെയ്തിട്ടുണ്ട്. ചില റോഡുകളിൽ പണി തുടങ്ങിയിട്ടുണ്ട്. പക്ഷെ മാസങ്ങൾ പിന്നിട്ടിട്ടും റോഡുകൾ ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. റോഡ് പണിയുടെ പേരിൽ പലയിടത്തും റോഡുകൾ കുത്തി പൊളിച്ചിട്ടിരിക്കുകയാണ്. ചിലയിടങ്ങളിൽ കൂട്ടിയിട്ട മെറ്റലുകൾ റോഡിൽ ചിതറിക്കിടക്കുന്നതിനാൽ വാഹന ഗതാഗതം ദുഷ്‌കരമാണ്. ചുള്ളിമട മേനോൻപാറ റോഡിൽ നിന്നും ബീവറേജസ് ജംഗ്ഷനിലേക്കുള്ള റോഡ് അറ്റകുറ്റപ്പണിക്കായി കുത്തിപ്പൊളിച്ച് മണ്ണിട്ട് നികത്തിയ നിലയിലാണ്. ഈ മണ്ണ്‌റോഡിലൂടെയാണ് വാഹനങ്ങൾ കടന്ന് പോകുന്നത്. നിരവധി വ്യവസായ ശാലകളും കമ്പനികളും പ്രവർത്തിക്കുന്ന കഞ്ചിക്കോട് വ്യവസായ മേഖലയിലെ റോഡുകൾ മുഴുവൻ തകർന്ന് കിടക്കുന്നത് ജനങ്ങൾക്കു വലിയ ദുരിതമാകുന്നുണ്ട്. നിരവധി ലോറികൾ നിത്യേന വ്യവസായ ശാലകളിലേക്ക് വരുന്നത് തകർന്ന റോഡുകളിലൂടെയാണ്. കരാറുകാരുടെ മെല്ലെപ്പോക്കും ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണ് വ്യവസായ മേഖലയിലെ റോഡുകൾ ശാപമോക്ഷം കിട്ടാതെ കിടക്കുന്നതിന് കാരണം. റോഡ് പണി വൈകിപ്പിച്ച് തൊട്ടടുത്ത സാമ്പത്തിക വർഷം എസ്റ്റിമേറ്റ് പുതുക്കി കൂടുതൽ തുക വകയിരുത്തുന്നതിന് വേണ്ടി റോഡ് പണി വൈകിക്കുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ജനങ്ങളാണ് ഇതിന്റെ ദുരിതം സഹിക്കേണ്ടി വരുന്നത്.