ചൂട് കൂടിയതോടെ ഇളനീരിന് തീവില

Saturday 21 February 2026 1:18 AM IST

പാലക്കാട്: സംസ്ഥാനത്ത് ചൂട് കൂടിയതോടെ ഇളനീരിനും വില ഉയർന്നു. ദാഹം തീർക്കാൻ ഇളനീർ വേണമെങ്കിൽ നഗരത്തിൽ 50-60 രൂപ നൽകണം. രണ്ടു മാസത്തിനുള്ളിൽ 15 രൂപയുടെ വില വർദ്ധനയാണുണ്ടായത്. 40 മുതൽ 45രൂപ വരെയാണ് നേരത്തേ ഈടാക്കിയത്. കഴിഞ്ഞവർഷത്തേക്കാൾ 10 മുതൽ 20വരെ രൂപയുടെ വർദ്ധനയുണ്ടായി.

വേനലായതോടെ തെങ്ങിൻ തോട്ടങ്ങളിൽ നിന്ന് ഇളനീർ ലഭിക്കുന്നത് കുറവാണ്. മൊത്ത വ്യാപാരികൾ അഞ്ചുമുതൽ 10 രൂപവരെ വർദ്ധിപ്പിച്ചിട്ടുണ്ട്. വലിയ ഇളനീരിന് 60 മുതൽ 65 രൂപവരെ നൽകണം. കുരങ്ങുശല്യം കാരണം നാട്ടിൻപുറത്തും ഇളനീരും തേങ്ങയും കിട്ടാനില്ല. കുരങ്ങുശല്യം കൂടുതലുള്ള ഭാഗങ്ങളിൽ ചെറിയ കരിക്ക് പ്രായമാകുമ്പോഴേക്കും ഇവ കൂട്ടമായിവന്ന് തിന്നുനശിപ്പിക്കയാണ്.

 തേങ്ങവില കൂടിയത് തിരിച്ചടി

നാട്ടിൻ പ്രദേശത്ത് ഭൂരിഭാഗം സ്ഥലത്തും തേങ്ങയ്ക്കു വേണ്ടിയാണ് കൃഷിചെയ്യുന്നത്. അതിനാൽത്തന്നെ വലിയ നാടൻ തെങ്ങുകളാണുള്ളത്. ഇതിൽനിന്ന് ഇളനീർ വെട്ടിയിറക്കുന്നതിന് കൂലിച്ചെലവും കൂടുതലാണ്. നാളികേരവില വർദ്ധിച്ചതോടെയാണ് ഇളനീർക്ഷാമം ഉണ്ടായതെന്ന് കച്ചവടക്കാർ പറഞ്ഞു. വേനൽച്ചൂട് കൂടിയതോടെ ഇളനീർ കച്ചവടവും കൂടുതലാണ്. ദിനംപ്രതി 250 മുതൽ 500 എണ്ണംവരെ വേനലിൽ വില്പന നടക്കുന്നുണ്ട്. എന്നാൽ, വിൽപ്പനയ്ക്കാവശ്യമായ ഇളനീർ ലഭിക്കാത്ത സാഹചര്യവുമാണ് ഇപ്പോൾ. ഇളനീർവില വർധിച്ചതിനാൽ പലരും കരമ്പിൻ ജ്യൂസും സർബത്തും ഒപ്പം കച്ചവടം ചെയ്യുന്നുണ്ട്. ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, അട്ടപ്പാടി ഭാഗങ്ങളിൽ നിന്നാണ് പാലക്കാട് നഗരത്തിലേക്ക് കൂടുതലായി ഇളനീർ എത്തുന്നത്. പൊള്ളാച്ചിയിൽ നിന്ന് ഇളനീർ എത്തുന്നെങ്കിലും ഗതാഗതച്ചെലവ് കൂടുതലാണെന്ന് കർഷകർ പറയുന്നു.